ആലപ്പുഴ: പ്രതികള്‍ സിപിഎമ്മുകാര്‍ ആണെങ്കില്‍ പിടികൂടാന്‍ പോലീസ് തയാറാകില്ല, മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കും സിപിഎമ്മിന് വിധേയരായ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍. അടുത്തിടെ നടന്ന പ്രമാദമായ മൂന്നു കേസുകളിലും നടന്നത് പോലീസിന്റെ ഒത്തുതീര്‍പ്പ് നടപടികളാണെന്ന് ആക്ഷേപമുയരുന്നു.
സിപിഎമ്മുകാരിയെ പാര്‍ട്ടി നേതാവ് അക്രമിച്ച കേസില്‍ മാത്രമാണ് പോലീസിന്റെ നീക്കം പൊളിഞ്ഞത്. പാര്‍ട്ടിക്കുള്ളിലും, പ്രതിഷേധം വ്യാപകമായതോടെ പ്രതിയെ പിടിക്കാന്‍ പോലീസ് നിര്‍ബന്ധിതരായി. കര്‍ഷകത്തൊഴിലാളി യൂണിയന് നേതാവും ഡിവൈഎഫ്എ മുന്‍ ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന വനിതയെ അക്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയാണ് പിടികൂടിയത്. പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കോന്നോത്ത് നികര്‍ത്ത് ജെ. സത്താര്‍ (35) ആണ് പൂച്ചാക്കല്‍ പോലീസ് പിടിയിലായത്. ഇയാള്‍ കീഴടങ്ങിയതാണെന്നും വിവരമുണ്ട്.
പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പനംക്കുറ്റിയില് രജിത (33) ആണ് സിപിഎം പൂച്ചാക്കല്‍ പനവേലി ബ്രാഞ്ച് സെക്രട്ടറിയായ സത്താറിനെതിരെ പൂച്ചാക്കല്‍ പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്. കഴിഞ്ഞ പത്തിനാണ് അക്രമം നടന്നത്. എന്നാല്‍ പ്രതിയെ രാഷ്ട്രീയ സ്വാധീനം കാരണം അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യത്തിന് പോലീസ് അവസരമൊരുക്കി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസന് കഴിഞ്ഞ മാസമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കറ്റാനം മങ്ങാരത്ത് വച്ച് ബൈക്കിലെത്തിയ മുഖംമൂടിസംഘം സുഹൈലിനെ കഴുത്തിന് വെട്ടി. ഏതാനും പ്രതികള്‍ കീഴടങ്ങിയെങ്കിലും, പ്രധാന പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് അവസരമൊരുക്കിയത് പോലീസാണെന്ന് ആരോപണമുണ്ട്.
സ്ത്രീ പീഡന കേസ് പ്രതിയായ എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാനും മുന്‍കൂര്‍ ജാമ്യത്തിന് പോലീസ് അവസരമൊരുക്കി. നഗ്നചിത്രം കാട്ടി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാതി.
സിപിഎം സംസ്ഥാന നേതാക്കളുടെ ഇഷ്ടതോഴനും മാവേലിക്കര ബാറിലെ അഭിഭാഷകനുമാണ് മുജീബ് റഹ്മാന്. ഇയാള്‍ വിവാഹ വാഗ്ദാനം നല്കി ബലമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുമായാണ് ഓച്ചിറ സ്വദേശിയായ യുവതി തെളിവുകള്‍ അടക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മുജീബിനെതിരെ ആദ്യം പോലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നു പരാതിക്കാരി അറിയിച്ചതോടെയാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. എന്നാല്‍ പിടികൂടാന്‍ തയാറായില്ല. ഒടുവില്‍ ഇയാളും മുന്‍കൂര്‍ ജാമ്യം നേടി. സ്റ്റേഷനില്‍ ഹാജരായ ഇയാളെ മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ വിട്ടയച്ചു. പോലീസ് സിപിഎമ്മിന്റെ ബി ടീമായി മാറിയതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: