ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തുന്ന മുസ്ലിം യുവതികളെ ഇസ്ലാം മതമൗലികവാദികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി. കര്‍ണാടക എന്താ ഇസ്ലാമിക റിപ്പബ്ലിക് ആണോ എന്ന് ബിജെപി എംപി ശോഭ കരന്തലജെ പ്രതികരിച്ചു. ശരിയത്ത് നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന മതമൗലിക വാദികള്‍ക്ക് ഇന്ത്യന്‍ നിയമം എന്താണെന്ന് മനസിലാക്കിക്കൊടുക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായേയും അഭ്യന്തരമന്ത്രാലത്തേയും ടാഗ് ചെയ്ത് ശോഭ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കര്‍ണാടക പോലീസ് ഇടപെട്ടിട്ടുണ്ട്. അതിക്രമം കാട്ടിയവര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി.
കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തുന്ന മുസ്ലിം യുവതികളെ ലക്ഷ്യമിട്ട് ഇസ്ലാം മതമൗലികവാദികളുടെ വിളയാട്ടത്തിന്റെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആസൂത്രിതമായി ഹിന്ദുക്കളുടെ കടകളെ ലക്ഷ്യമിട്ട് അക്രമിസംഘം അതിക്രമം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ദാവന്‍ഗരെയില്‍ പ്രശസ്തമായ ബിഎസ് ഛന്നബാസപ്പ ആന്‍ഡ് സണ്‍സ് എന്ന വസ്ത്രവില്പന ശാലയില്‍ നിന്നിറങ്ങിയ മുസ്ലീം യുവതികളാണ് ഒരു കൂട്ടം മതമൗലിക വാദികളുടെ അതിക്രമത്തിന് ഇരയായത്.
റംസാന് മാസത്തില്‍ ഹിന്ദുക്കളുടെ കടയില്‍ നിന്ന് എന്തിന് സാധാനം വാങ്ങിയെന്ന് ചോദിച്ചായിരുന്നു അതിക്രമം. ഓറഞ്ച് നിറത്തിയുള്ള കവറുകളിലായിരുന്നു ഇവരുടെ കൈയില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നത്. ഈ കവറുകള്‍ അക്രമികള്‍ തട്ടിയെടുക്കുകയും ഇത് കാവി നിറമാണെന്നും ഇതു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഈ സംഘം ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് കവറുകള്‍ കൈവശപ്പെടുത്തി നശിപ്പിക്കുകയും അതിലെ വസ്ത്രങ്ങള്‍ യുവതികള്‍ക്ക് നല്കിയ ശേഷം ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി വിടുകയുമായിരുന്നു. സാധനം വാങ്ങിയ കടയില്‍ പോയി വസ്ത്രങ്ങള്‍ തിരികെ നല്‍കാനും ഈ അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്.
ദാവന്‍ഗരെയിലെ തന്നെ മറ്റൊരു വസ്ത്രവില്പന ശാലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന മുസ്ലിം യുവതിയെ മറ്റൊരു കൂട്ടം ഇസ്ലാം മതമൗലികവാദികള്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് സംഭവത്തിനെതിരേ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: