വടകര: ചെന്നൈയില്‍ നിന്നെത്തിയ നരിപ്പറ്റ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വടകര നഗരസഭാ കൗണ്‍സിലര്‍ അടക്കം മൂന്നു പേരെ ക്വാറന്റൈനിലാക്കി. ചെന്നൈയില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റ് വഴി മെയ് 10 ന് രാത്രി 12 മണിയോടെ കാറിലാണ് ഇയാള്‍ മറ്റു മൂന്നുപേരോടൊപ്പം വടകര ടൗണില്‍ എത്തിയത്.
പനി അനുഭവപ്പെട്ട നരിപ്പറ്റ സ്വദേശി വടകര ആലക്കല്‍ റെസിഡന്‍സിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പോയെങ്കിലും ഇവിടെ താമസ സൗകര്യം ലഭിച്ചില്ല. രാത്രി മുഴുവന്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററിനടുത്തുള്ള കട വരാന്തയില്‍ കഴിഞ്ഞു. പാലോളി പാലത്തെ നഗരസഭയുടെ ആയുര്‍വേദ ആശുപത്രിയില്‍ ക്വാറന്റൈന് സൗകര്യം ഉണ്ടെന്നറിഞ്ഞ് ബസ് സ്റ്റാന്റിന് മുന്‍വശത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും അവിടേക്കുള്ള വഴി ചോദിക്കുകയും ഓട്ടോറിക്ഷയില്‍ അവിടെ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും താമസസൗകര്യം ഇല്ലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത കടയില്‍ നിന്ന് ചായയും കുടിച്ചു. ഇദ്ദേഹത്തെ കണ്ട നാട്ടുകാര്‍ കൗണ്‍സിലറുമായും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായും ബന്ധപ്പെടുകയും ഇയാളുടെ സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പോലീസ് സൗകര്യം ഒരുക്കുകയായിരുന്നു.
അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്ക് താമസിക്കാനുള്ള കൊറോണ കെയര്‍ സെന്റര്‍ ഏതെന്നു കൃത്യമായി അറിയിക്കാത്തതാണ് ഇയാളെ വലച്ചതും കൗണ്‍സിലര്‍ അടക്കമുള്ളവരുമായുള്ള സമ്പര്‍ക്കത്തിന് കാരണമായതും. പുതുപ്പണത്തു എത്തിയപ്പോള്‍ ഇയാളുമായി കൗണ്‍സിലര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ചായക്കടക്കാരന്, സിവില്‍ പോലീസ് ഓഫീസര്‍, കൂട്ടിക്കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരാണ് ക്വാറന്റൈനില്പോയ മറ്റുള്ളവര്‍.
പലപ്പോഴും ഉള്‍പ്രദേശങ്ങളിലേക്ക് പോകേണ്ട ഇതരസംസ്ഥാനത്തു നിന്നും വരുന്നവരെ വടകര പുതിയ സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നതായി ആക്ഷേപമുണ്ട്. ഇവരെ പോലീസ് ഇടപെട്ടാണ് പിന്നീട് വീടുകളിലേക്ക് എത്തിക്കുന്നത്. നരിപ്പറ്റ സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു 13 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ക്വാറന്റൈന് ചെയ്യാന്‍ എല്ലാവിധ സൗകര്യം ഉണ്ടെന്നു അധികൃതര്‍ അവകാശപ്പെടുമ്പോളാണ് രോഗലക്ഷണങ്ങള്‍ സഹിതം എത്തിയ യാള്‍ക്ക് ക്വാറന്റൈന് കേന്ദ്രം തേടി അലയേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: