പത്തനംതിട്ട: ലോക്ഡൗൺ ഇളവുകളിൽ പ്രതീക്ഷയർപ്പിച്ച് വലിയവിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികൾ. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിസന്ധിയിലായിട്ട് രണ്ടു മാസത്തിലേറെയായി.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപു തന്നെ ജില്ലയിൽ ഗതാഗതം പരിമിതമായിരുന്നു. മാർച്ച് 8ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ റാന്നി സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിലും റാന്നിയിലും ജനത്തിരക്ക് കുറഞ്ഞിരുന്നു. തുടർന്ന് ഇങ്ങോട്ട് ഓട്ടോകൾ നിരത്തുകളിൽ ഇറങ്ങുന്നില്ല. മേഖലയിൽ ഉപജീവനം തേടുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതോടെ പ്രതിസന്ധിയിലായത്.
നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വന്നതോടെ ചിലയിടങ്ങളിൽ നാമമാത്രമായ ഓട്ടോകൾ റോഡിലിറങ്ങിയെങ്കിലും യാത്രക്കാരെ കിട്ടാനില്ല എന്നതാണ് സ്ഥിതി. സ്വന്തമായി ഓട്ടോറിക്ഷകൾ ഉള്ളവരെക്കാളേറെ വാടകയ്ക്ക് വാഹനമെടുത്ത് ഓടുന്നവരാണ് ഏറെയും. പലരും പ്രയമായവരുമായതിനാൽ മറ്റു ജോലികൾക്കും പോകാൻ കഴിയുന്നില്ല. ക്ഷേമനിധിയിൽ നിന്ന് സഹായം ലഭിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും അപേക്ഷ നൽകിയ എല്ലാവർക്കും കിട്ടിയില്ല.
ക്ഷേമനിധിയിൽ അംഗങ്ങളായവരം സഹായത്തിനായി കാത്തിരിക്കുകയാണ്. ചില ഇടങ്ങളിൽ യൂണിയനുകളും വ്യക്തികളും സംഘടനകളും പലചരക്ക്, പച്ചക്കറി കിറ്റുകൾ നൽകിയിരുന്നു. അതും എല്ലാവർക്കും ലഭിച്ചിട്ടില്ല. ബാങ്കുകളിലും മറ്റു പണമിടപാട് സ്ഥാപനങ്ങളിലും നിന്ന് വായ്പ എടുത്താണ് ഭൂരിപക്ഷവും ഓട്ടോ വാങ്ങിയിരിക്കുന്നത്. 3 മാസത്തിലധികമായി തവണ അടയ്ക്കൽ മുടങ്ങിയിരിക്കുന്നു.
വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ആനുകൂല്യം നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. നിരത്തിലിറങ്ങാൻ അനുമതി ലഭിച്ചാലും നിയന്ത്രണങ്ങൾ പാലിച്ച് നിലവിലുള്ള നിരക്കിൽ ഓടാൻ കഴിയുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: