കോഴിക്കോട്: എസ്എസ്എല്‍സി മൂല്യനിര്‍ണയക്യാമ്പുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ അദ്ധ്യാപകര്‍ ആശങ്കയില്‍. പൊതുഗതാഗതസംവിധാനം ഇല്ലാത്തതും കോവിഡ് 19 കൂടുതല്‍ പേരില്‍ സ്ഥിരീകരിക്കപ്പെടുന്നതുമാണ് അദ്ധ്യാപകരെ ആശങ്കപ്പെടുത്തുന്നത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ സാമൂഹ്യ അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്ര അദ്ധ്യാപകര്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കോഴിക്കോട് ജില്ലയില്‍ അഞ്ചു സെന്ററുകളാണ് ഉള്ളത്. ഇതില്‍ രണ്ടു സെന്ററുകളിലാണ് ഇന്ന് മൂല്യനിര്‍ണയം ആരംഭിക്കുക. കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് ബോയ്സ് സ്കൂളില്‍ മലയാളവും കൊയിലാണ്ടി ഗവ.വിഎച്ച്എസ്എസ് ബോയ്സില് ഇംഗ്ലീഷ് പേപ്പറിന്റെയും മൂല്യനിര്‍ണയം നടക്കും. ഉറുദു, അറബി, സംസ്കൃതം തുടങ്ങിയവയുടെ മൂല്യനിര്‍ണയം ജൂണ്‍ ഒന്ന് മുതലാണ്. ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം പരീക്ഷകള്‍ നടക്കാനുമുണ്ട്.
സംസ്ഥാനത്താകെ 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളാണ് ഉള്ളത്. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ സോണുകളായി തിരിച്ചാണ് മൂല്യനിര്‍ണയം. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ നോര്‍ത്ത് സോണിലാണ്. നാലു ജില്ലകള്‍ക്കുമായി വിവിധ വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് ഒന്നോ രണ്ടോ കേന്ദ്രങ്ങളാണ് ഉള്ളത്. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങളില്‍ താമസിച്ച് മൂല്യനിര്‍ണയം നടത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. അദ്ധ്യാപകര്‍ക്ക് അവരുടെ അടുത്തുള്ള ക്യാമ്പില്‍ പോകാമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഒരു ജില്ലയില്‍ ഒന്നോ രണ്ടോ കേന്ദ്രങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇത് പ്രായോഗികമല്ല. ഹിന്ദിയുടെ ക്യാമ്പ് ഓരോ മേഖലയിലും ഒന്നുമാത്രമാണുള്ളത്. നോര്‍ത്ത് സോണ്‍ ക്യാമ്പ് തലശ്ശേരി തിരുവങ്ങാട് ഹയര്‍സെക്കണ്ടറി സ്കൂളിലാണ്. സൗത്ത് മേഖലയില്‍ ഇത് കൊല്ലം പാരിപ്പള്ളിയിലാണ്. കൊറോണ പശ്ചാത്തലത്തില്‍ യാത്രയും താമസവുമെല്ലാം പ്രശ്നമാകു മെന്നാണ് അദ്ധ്യാപകരില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ച് രാഷ്ട്രഭാഷാവേദി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് ബോയ്സ് സ്കൂളിലെ ക്യാമ്പില്‍ കാസര്‍കോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 175 ഓളം അദ്ധ്യാപകരാണ് എത്തേണ്ടത്. വാഹനസൗകര്യം ഇല്ലാത്ത തിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് സമീപജില്ലകളില്‍ നിന്നുള്ള മിക്ക അദ്ധ്യാപകരും ക്യാമ്പിന്റെ ചുമതലയുള്ള അദ്ധ്യാപികയെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ ഉള്ള ചിലരും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം ആരെങ്കിലും താമസസൗകര്യം ആവശ്യ പ്പെട്ടാല്‍ സ്കൂളില്‍ അതിനുള്ള സൗകര്യം ഒരുക്കുമെന്നും അവര്‍ അറിയിച്ചു.
നേരത്തെ തുടങ്ങിയ ഹയര്‍സെക്കന്‍ഡറി മൂല്യ നിര്‍ണയക്യാമ്പില്‍ ആകെ മുപ്പത് ശതമാനം അദ്ധ്യാപകര്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. അതുപോലെ എസ്എസ്എല്‍സിയ്ക്കും അദ്ധ്യാപകരുടെ എണ്ണം കുറയുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: