ഇരിട്ടി: കൊറോണക്കാലം തങ്ങളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാനുള്ള കാലമാക്കി മാറ്റിയ ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. കവിത എഴുത്തും കഥയെഴുത്തും തുടങ്ങി നിരവധി പുസ്തക രചനകള്‍ വരെ ഈ കാലത്തു നടന്നു കഴിഞ്ഞു. നിരവധി ചിത്രകാരന്മാര് കൊറോണകാലത്തെ ക്യാന്‍വാസുകളില്‍ വരഞ്ഞിട്ടു. പടിയൂര്‍ നിവാസിയായ ആനന്ദബോസ് ഈ കൊറോണാക്കാലത്തെ ചിത്രം വരയുടെ ആനന്ദമാക്കി മാറ്റി.
മാലൂര്‍ സ്വദേശിയും ഇപ്പോള്‍ പടിയൂരില്‍ കൃഷ്ണ സൗപയിലെ താമസക്കാരനുമാണ് ചിത്രകാരനായ ആനന്ദ ബോസ്. പ്രശസ്ത ചിത്രകാരന് അന്തരിച്ച എം.വി. ദേവന് മാസ്റ്ററുടെ ശിക്ഷണത്തില്‍ മയ്യഴി മലയാള കലാഗ്രാമത്തില്‍ പഠനം. പൊന്മണി ടീച്ചറും സുരേഷ് കൂത്തുപറമ്പും അന്നത്തെ അധ്യാപകനായിരുന്നു. വാട്ടര്‍കളറിലും ഓയില്‍ പെയിന്റിലുമായി ഇതുവരെയായി 400 റോളം ചിത്രങ്ങളും അക്രിലിക്കില്‍ മുന്നോറോളം ചിത്രങ്ങളും വരച്ചു. കൂടാതെ നിരവധി ക്രിസ്ത്യന്‍ പള്ളികളില്‍ അവസാനത്തെ അത്താഴം, അള്‍ത്താര എന്നിവക്ക് വര്‍ണ്ണങ്ങള്‍ നല്കി. നിരവധി സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കും വര്‍ണ്ണം നല്കി. കമേഴ്സ്യല്‍ രംഗത്തു കൂടി ജോലി ചെയ്യുന്ന ആനന്ദബോസ് ഫ്ളക്സ് ബോര്‍ഡുകള്‍ അല്ലാത്ത നൂറുകണക്കിന് പരസ്യ ബോര്‍ഡുകളിലും തന്റെ സര്‍ഗ്ഗവാസനയുടെ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.
ഇദ്ദേഹം വരച്ച കഥകളി എന്ന ചിത്രം രണ്ടുവര്‍ഷം മുന്‍പ് കൂത്തുപറമ്പ് സ്വദേശിയായ ഒരാള്‍ വലിയ വില നല്‍കിയാണ് വാങ്ങിയത്. താന്‍ വരച്ച കരുണമായന്‍ എന്ന ചിത്രം കാണാനിടയായ നിര്‍മ്മലഗിരി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ജോസ്ലെറ്റ് മാത്യുവും ചിത്രം സ്വന്തമാക്കി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇത് പോലെ നിരവധി അനുഭവങ്ങള്‍ വേറെയുമുണ്ടെന്ന് ആന്ദബോസ് പറയുന്നു.
സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ അറിയപ്പെടുന്ന നാടക നടന് കൂടിയായ മാലൂര്‍ സ്വദേശി പീറ്റക്കണ്ടി ആനന്ദന്റെയും സരോജിനിയുടെയും നാലുമക്കളില്‍ മൂത്ത മകനാണ് ആനന്ദ ബോസ്. മറ്റു രണ്ട് മക്കളും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുമാരാണ്. രണ്ടാമനായ വിപിന്‍ദാസ് ചിത്രകാരനായി കോഴിക്കോട് ജോലി ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ജിജി ചിത്രകലാധ്യാപികയാണ്. നാലാമത്തെ മകന് സുധീഷ് ചിത്രകലയിലും ശില്പകലയിലും ഒരു പോലെ പ്രാവീണ്യം തെളിയിച്ച കലാകാരനാണ്. അതുകൊണ്ടുതന്നെ ആനന്ദബോസിന്റെ കുടുംബം ഒരു കലാ കുടുംബം എന്ന് പറയാം.
കൊറോണാ കാലത്ത് നിരവധി ചിത്രങ്ങളാണ് ആന്ദബോസ് വരച്ചത്. എല്ലാം ജീവന് തുടിക്കുന്ന ചിത്രങ്ങള്‍. പ്രകൃതിയും കാലവും മനുഷ്യ ജീവിതവുമെല്ലാം അദ്ദേഹത്തിനന്റെ രചനകള്‍ക്ക് വിഷയങ്ങളായി. കൊറോണാ കാലത്ത് വീട്ടില്‍ അടങ്ങിയിരിക്കാന്‍ കഴിഞ്ഞത് തനിക്ക് ഏറെ പ്രയോജനം ചെയ്തതായും തന്റെ സര്‍ഗ്ഗ സൃഷ്ടികള്‍ക്ക് വളമായി മാറിയതായും ആനന്ദബോസ് പറഞ്ഞു. പടിയൂര്‍ സ്വദേശിനി ഷില്‍നയാണ് ഭാര്യ. ഏക മകള്‍ സൗപ ആനന്ദ് കടത്തും കടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: