മലയിന്‍കീഴ്: ലോക്ഡൗണ്‍ കാലം വിരസമല്ല ഡോ.ഇന്ദിരാമ്മയ്‌ക്ക്. വരയുടെ ലോകത്താണ് ഈ ഡോക്ടറമ്മ. ദേവരൂപങ്ങള്‍, പ്രകൃതിയുടെ ഭാവങ്ങള്‍ ഒക്കെയവര്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നു. നിറങ്ങള്‍ ചാലിച്ച് വിരിയിക്കുന്നത് അഴകുള്ള ചിത്രങ്ങള്‍.
മൂന്നു പതിറ്റാണ്ടിലേറെയായി ആരോഗ്യരംഗത്ത് സജീവമായി ഡോ.ഇന്ദിരാമ്മയുണ്ട്. മലയിന്‍കീഴുകാര്‍ക്ക് കൈപ്പുണ്യമുള്ള ജനകീയ ഡോക്ടറാണ് ഇന്ദിരാമ്മ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് അവിടെ നിന്നു തന്നെ ജനറല്‍ സര്‍ജറിയില്‍ ബിരുദം നേടി. രോഗികളും ശസ്ത്രക്രിയയും അല്‍പം സാമൂഹ്യ സേവനവുമായി വിശ്രമമില്ലാത്ത ജീവിതം. 2011 ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ചെങ്കിലും ഈ സര്‍ജന് ഇന്നും തിരക്കൊഴിയുന്നില്ല. തന്നെ തേടിയെത്തുന്ന രോഗികള്‍ക്ക് മരുന്നും സ്‌നേഹവും വിളമ്പുന്ന വിശ്രമമില്ലാത്ത വിശ്രമജീവിതം.
തിരക്കിനിടയില്‍ വീണുകിട്ടുന്ന ഒഴിവു സമയങ്ങളാണ് ഇന്ദിരാമ്മ ബാല്യകാല ആഗ്രഹമായ ചിത്രകലയ്‌ക്ക് നീക്കിവയ്‌ക്കുന്നത്. കുടുംബ സുഹൃത്തായ വട്ടിയൂര്‍ക്കാവ് ഭദ്രപീഠത്തിലെ ഗീത ടീച്ചറില്‍ നിന്ന് എണ്ണച്ഛായ ചിത്രരചന, മ്യൂറല്‍ ചിത്രരചന എന്നിവ വശമാക്കി. എങ്കിലും ചികിത്സയും വീട്ടുകാര്യങ്ങളും കഴിഞ്ഞ് കിട്ടുന്നത് ഇത്തിരിനേരം. അതുകൊണ്ടുതന്നെ അധികം വരയ്‌ക്കാന്‍ കഴിയാറില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരയിലായി ശ്രദ്ധ. നിരവധി എണ്ണച്ഛായ ചിത്രങ്ങളാണ് ഡോക്ടര്‍ വരച്ചുകൂട്ടിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സിന്റെ ആദ്യ സിഇഒ ആയിരുന്ന ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഡോ. മോഹനന്‍ നായരാണ് ഇന്ദിരാമ്മയുടെ ഭര്‍ത്താവ്.
എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും ഡോക്ടര്‍ കുപ്പായം അണിയാതെ സിനിമയില്‍ ചായാഗ്രാഹകനായി കലയുടെ ലോകത്താണ് മകന്‍ ഹരിമോഹന്‍. അമ്മയെ പോലെ തന്നെ ചിത്രകാരിയാണ് മകള്‍ മീരാ നായരും. ഐഎംഎ നേമം ശാഖയുടെ വനിതാ വിഭാഗമായ വുമണ്‍ ഡോക്ടേഴ്‌സ് വിംഗിന്റെ സ്ഥാപക ചെയര്‍പേഴ്‌സനാണ് ഡോ. ഇന്ദിരാമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: