ന്യൂദല്‍ഹി : ജനങ്ങളെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വിധത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് വിവാദ ഇസ്ലാമിക മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഇംഗ്ലണ്ടില്‍ പിഴ. വിദ്വേഷം പ്രചാരണങ്ങള്‍ നടത്തിയതിന് 2.75 കോടി പിഴ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ഇന്ത്യയിലെ പ്രത്യേക കമ്മിറ്റിയുടേതാണ് ഈ തീരുമാനം.
പീസ് ടിവി ഉറുദുവിലും പീസ് ടിവിയിലും സംപ്രേക്ഷണം ചെയ്യുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നവരില്‍ കൊലപാതക പ്രവണത തോന്നുന്ന രീതിയില്‍ വിദ്വേഷം പ്രചരണങ്ങള്‍ ഉള്ളതായാണ് ഇംഗ്ലണ്ട് പ്രത്യേക സമിതിയുടെ കണ്ടെത്തല്‍. രാജ്യത്തെ സംപ്രേക്ഷണ നിയമങ്ങള്‍ വ്യാപകമായ രീതിയില്‍ സക്കീര്‍ നായിക്കിന്റെ ചാനല്‍ ലംഘിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജൂലൈ 2019ല്‍ സംപ്രേക്ഷണം ചെയ്ത മതപരമായ സ്വഭാവമുള്ള പരിപാടിയായ കിതാബ് ഉത് തഖ്വീതിലാണ് വിദ്വേഷ പ്രചാരണമുള്ളത്. ഇസ്ലാമില്‍ മന്ത്രവിദ്യ ശീലിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ രീതിയെക്കുറിച്ചായിരുന്നു പരിപാടി. ഈ പരിപാടി കാണുന്നവര്‍ക്ക് കൊലപാതകം ചെയ്യാനുള്ള പ്രേരണ തോന്നുമെന്നും കമ്മിറ്റി വിശദമാക്കി.
2019 നവംബറിലും പീസ് ഉറുദു ടിവിയുടെ ലൈസന്‍സ് വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പീസ് ടിവിയുടെ ഉടമസ്ഥാവകാശമുള്ള ലോര്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡിനും, പീസ് ടിവിയുടെ ഉറുദു വിഭാഗം ലൈസന്‍സ് നേടിയ ക്ലബ് ടിവിക്കും പിഴയിട്ടിട്ടുണ്ട്.
യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന് ലിമിറ്റഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനമാണ് സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി സാക്കിര്‍ നായിക് മലേഷ്യയിലാണ്. വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് ഇയാള്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് 2010 മുതല്‍ വിലക്കുണ്ട്.
ഇന്ത്യയിലും സക്കീര്‍ നായിക് നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക തിരിമറി നടത്തിയതിന് ഇയാള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സക്കീര്‍ നായിക്കിന്റെ സ്വത്തുക്കളും എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. സമൂദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ മത പ്രഭാഷണം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: