കൊച്ചി : സമുദ്ര സേതു രക്ഷാ ദൗത്യത്തിലെ മൂന്നാം ഘട്ടവും വിജയകരം. 588 യാത്രക്കാരുമായി ഐ.എന്‍.എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. 497 പുരുഷന്മാര്, 70 സ്ത്രീകള്‍, 20 കുട്ടികള്‍ എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്. ഇവരിൽ തമിഴ്നാട് തെലുങ്കാന സ്വദേശികളുമുണ്ട്.
സ്ക്രീനിംഗ് നടത്തിയ ശേഷം പനിയോ രോഗ ലക്ഷണമോ കണ്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം 120, കൊല്ലം 53, പത്തനംതിട്ട 26, കോട്ടയം 47, ഇടുക്കി 19, എറണാകുളം 68, തൃശൂര്‍ 50, മലപ്പുറം 9, പാലക്കാട് 38, കോഴിക്കോട് 19,കണ്ണൂര്‍ 46, വയനാട് 11, കാസര്‍കോട് 15 എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എസ് ജലാശ്വ യാത്ര തിരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ കൊച്ചിത്തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും യാത്ര നാല് മണിക്കൂറോളം വൈകുകയായിരുന്നു.
ആദ്യഘട്ട ദൗത്യത്തിന്റെ ഭാഗമായി മെയ് 10ന് ഐ.എന്‍.എസ് ജലശ്വ 698 പേരെ കൊച്ചിയില്‍ എത്തിച്ചിരുന്നു.മാലിദ്വീപില്‍ നിന്ന് നാവികസേനയുടെ മറ്റൊരു കപ്പല്‍ ഐ.എന്‍.എസ് മഗര്‍ കുടുങ്ങി കിടന്നവരുമായി ചൊവ്വാഴ്ച കൊച്ചിയിലെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: