ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്താന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ മഴക്കാല പൂര്‍വ ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും പാതിവഴിയില്‍. കൊറോണ പടരുന്ന പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാകേണ്ട സ്ഥാനത്ത് മന്ദഗതിയിലായത് ആശങ്ക പരത്തുന്നു.
മലയോരത്തും ഇടനാട്ടിലും തീരപ്രദേശത്തും അടുത്ത കാലത്തൊന്നും കാണാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍. ഉരുള്‍പൊട്ടലില്‍ മാത്രം മലയോരത്ത് നൂറ് കണക്കിന് പേര് മരിച്ചു, അനവധി പേര്‍ക്ക് കിടപ്പാടം ഇല്ലാതായി, ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കമാണ് ഭീതി വിതച്ചത്. കൃഷിയ്ക്കും റോഡിനും ഉണ്ടായ നാശങ്ങള് ഏറെ. അടുത്തകാലത്ത് ഇത്രവലിയ ദുരന്തങ്ങള്‍ കണ്മുന്നില് കണ്ടിട്ടും മുന്നൊരുക്കങ്ങളില്‍ അലംഭാവം ഉണ്ടാകുന്നത് ആശാവഹമല്ലെന്നും ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്തെ ഇനിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂവെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വ്യാപനം തുടരുന്നതിനാല്‍ വരുന്ന നാളുകളില്‍ മഴ ശക്തമായാല്‍ അത് മലയാളിക്ക് വലിയ ദുരിതമാകും സമ്മാനിക്കുക. മഴക്കാലം കൊറോണ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകാന്‍ സാധ്യതയേറെയാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിനും ജലസേചന വകുപ്പിനും മാത്രം 85 ചെറുതും വലുതുമായ ഡാമുകളുണ്ട്. കൂടാതെ മുല്ലപ്പെരിയാര്‍, പറമ്പികുളം പോലുള്ള, തിഴ്നാടിന്റെ അധികാരത്തിലുള്ള ,ഭീഷണി ഉയര്‍ത്തുന്ന ഡാമുകളും.
ഇതിനൊപ്പം 44 പ്രധാന നദികളും അവയുടെ കൈവഴികളായ അനവധി പുഴകളും തോടുകളും ചെറുതും വലുതുമായ നീര്‍ച്ചാലുകളുമുണ്ട്. ഇവയിലൂടെയെല്ലാമുള്ള വെള്ളമൊഴുക്കിനുണ്ടായ വിഘാതവും വന്‍തോതിലുള്ള പാറഖനനവുമാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് മുഖ്യ കാരണം. വ്യാപക കൈയേറ്റവും മാലിന്യങ്ങള്‍ അടിഞ്ഞതുമൂലവും പലയിടത്തും വെള്ളമൊഴുക്കിന് തടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവ നീക്കാന്‍ പലതവണ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും മിക്ക പഞ്ചായത്തുകളും ഇതിന് തയാറായിട്ടില്ല. ഓടകളും കാനകളും ശുചീകരിക്കാത്തതും അടിഞ്ഞ് കൂടിയ മണ്ണ് വാരി നീക്കാത്തതും മൂലം വേനല്‍ മഴയില്‍ തന്നെ റോഡുകള്‍ വെള്ളകെട്ടിലാകുന്നുണ്ട്.
അതേ സമയം സംസ്ഥാന ദുരന്ത നിവാരണ അതോററ്റി മഴക്കാലത്തിന് മുന്നോടിയായി കഴിഞ്ഞ രണ്ട് പ്രകൃതി ദുരന്തങ്ങളും അടിസ്ഥാനമാക്കി തയാറാക്കിയ ‘ഓറഞ്ച് ബുക്ക്’ ഈ മാസം 25ന് പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്നാണ് ഇതില്‍ പ്രധാനമായും പറയുന്നത്.
ഒരുക്കങ്ങള്‍ എങ്ങനെ?
കേരളത്തിലാകെ 941 പഞ്ചായത്തുകളും 84 മുനിസിപ്പാലിറ്റിയും ആറ് കോര്‍പ്പറേഷനുകളുമാണുള്ളത്. പഞ്ചായത്തിന്റെ ഒാരോ വാര്‍ഡിലും അഞ്ചംഗ വാര്‍ഡ് തല സമിതിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി മഴക്കാല പൂര്‍വ്വ ഒരുക്കങ്ങള്‍ക്കായി ചുമതലപ്പെടുത്തണം. തോട്, കുളങ്ങള്‍, പൊതു കിണറുകള്‍, ഓട, കാന എന്നിവയുടെ ശുചീകരണമാണ് പ്രധാന ലക്ഷ്യം. ശുചീകരണത്തിനായി ഒരു വാര്‍ഡിന് പരമാവധി 10000-15000 രൂപ വരെ ചെലവഴിക്കാം.
കൊറോണയുമായി ബന്ധപ്പെടുത്തി മുഖാവരണങ്ങളും സൗജന്യമായി വീടുകളില്‍ എത്തിച്ച് നല്‍കണം. ഡെങ്കിപ്പനി കണ്ടെത്തിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഫോഗിങും നടത്തണം. ഇവയുടെ പുരോഗതി വീഡിയോ കോണ്‍ഫറന്‍സ് വഴി നിരീക്ഷിച്ച് മേല്തട്ടിലേക്ക് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കണം. ഇതൊക്കെ എത്രമാത്രം കാര്യക്ഷമമായി ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്നുവെന്നതാണ് കണ്ടറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: