മുക്കം: ഉച്ചഭാഷിണിയിലൂടെ ബോധവല്‍ക്കരണം നടത്തിയിട്ടും ലോക്ഡൗണ്‍ ലംഘനം നടത്തിയ കൊടിയത്തൂരിലെ രണ്ടു വ്യാപാരികള്‍ക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടോളം പേര്‍ക്കെതിരെയും മുക്കം പോലീസ് കേസ് എടുത്തു. കൊടിയത്തൂര്‍ കെ.കെ. സ്റ്റോഴ്സ് ആന്‍ഡ് സാനിറ്ററിസ് ഉടമ കുറവന്‍ കടത്തു ജാഫറിനെതിരെയും എസ്എഎസ് വെജിറ്റബിള്‍സ് ഉടമ എള്ളെങ്ങല് ഷെരീഫിനെതിരെയുമാണ് കേസ് എടുത്തത്.
വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിട്ടും കടകള്‍ അടക്കാതെ കച്ചവടം തുടര്‍ന്നതിനാണ് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. ക്വാറന്റൈന് സെന്ററായ സ്വകാര്യ ലോഡ്ജില്‍ സുഹൃത്തിനെ കാണാനെന്ന പേരില്‍ അതിക്രമിച്ചു കയറിയ പെരുമ്പടപ്പ് കരിമ്പില്‍ ലക്ഷം വീട് കോളനിയിലെ ചന്ദ്രനെതിരെയും പോലീസ് കേസെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുക്കത്തും പരിസരപ്രദേശങ്ങളിലും വന്‍ജനതിരക്കാണ് അനുഭവപ്പെടുന്നത്.
ഈ സമയത്തു നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആളുകള്‍ പുറത്തിറങ്ങുന്നത് സാമൂഹിക വ്യാപനം ഉണ്ടാകുന്നതിനും അതുമൂലം കൂടുതല്‍ പേര് അസുഖബാധിതരാകാനും ഉള്ള സാദ്ധ്യത കണക്കിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് വിവിധ പ്രദേശങ്ങളില്‍ പോലിസ് ബോധവല്‍ക്കരണം നടത്തിയത്.
പോലീസിന്റെ മുന്നറിയിപ്പ് മറികടന്നു നിയമലംഘനം നടത്തിയതിനാണ് കൊടിയത്തൂരിലെ കടയുടമകള്‍ക്കെതിരെ കേസെടുത്തതെന്നും വരും ദിവസങ്ങളിലും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുക്കം പോലിസ് അറിയിച്ചു. ഇത് കൂടാതെ വിവിധയിടങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടു പേര്‍ക്കെതിരെയും മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്.
ഇത്തരത്തില്‍ യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെ ജനങ്ങള്‍ നിയമലംഘനം തുടരുകയാണെങ്കില്‍ നിയമനടപടികള്‍ കര്‍ശനമാക്കുമെന്നും ലോക്ഡൗണ്‍ ലംഘനം നടത്തുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിന് മഫ്തിയില്‍ വിവിധയിടങ്ങളില്‍ പോലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും മുക്കം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: