അടിയന്തരാവസ്ഥ തടവുകാരന്, രാഷ്ട്രീയക്കാരിലെ മികച്ച സംഘാടകന്‍, ഗായകന്, നടന്, ബദിയടുക്ക-പെര്‍ള പ്രദേശങ്ങളില്‍ ഹരിത കുങ്കുമ പതാക ആദ്യമായി പറത്തിയ വ്യക്തി, താമര ചിഹ്നത്തില്‍ മത്സരിച്ച് കേരളത്തില്‍ ബിജെപിയെ ആദ്യമായി ബ്ലോക്ക് പഞ്ചായത്തില്‍ അധികാരത്തിലെത്തിച്ചയാള് തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയാണ് ടി.ആര്.കെ. ഭട്ടെന്ന മൂന്നക്ഷരത്തിലറിപ്പെടുന്ന ടി.രാമകൃഷ്ണ ഭട്ട്. കുട്ടിക്കാലത്തുതന്നെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി മംഗലാപുരം കാനറാ സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന ശാഖയില്‍ പങ്കെടുത്തു. പെര്‍ളയിലെ വസതിയായ യഷോ മന്ദിരത്തിലിരുന്ന് തൊണ്ണുറ്റിമുന്നാമത്തെ വയസ്സില്‍ സ്വരശുദ്ധിയോടെ ഗണഗീതം പാടുമ്പോള്‍ ആ മുഖത്ത് മിന്നിമറഞ്ഞത് പഴയ സമരാവേശമാണ്.
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ ഗ്രാമങ്ങളായ ബദിയടുക്ക, പെര്‍ള പ്രദേശങ്ങളില്‍ നിരന്തരമായ യാത്രകള്‍ ചെയ്ത് 1946 ല്‍ ആര്‍എസ്എസിന്റെ ശാഖകള്‍ ആരംഭിച്ചു. 1947 ല്‍ ബെല്‍ഗാമില്‍നിന്ന് ഒടിസി കഴിഞ്ഞു. 1948 ല്‍ ആര്‍എസ്എസ് നിരോധനത്തെ തുടര്‍ന്നുള്ള സമരത്തില്‍ മൂന്ന് മാസവും, 1975 ല്‍ അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി 15 മാസവും ജയില്‍ ശിക്ഷ അനുഭവിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് മിസ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിഞ്ഞത്.
അന്ന് മൂക്കുപൊടി ഉപയോഗിക്കുന്ന കാലമായിരുന്നു. ടി.ആര്‍കെയുടെ പാട്ട് കേള്‍ക്കാന്‍ മൂക്കു പൊടിയുമായി വന്ന് വാര്‍ഡര്‍മാര്‍ മത്സരിക്കുക പതിവായിരുന്നു. സഹോദരന് ലക്ഷ്മി നാരായണ ഭട്ടിനെയും അറസ്റ്റ് ചെയ്തതോടെ വീട്ടില്‍ പ്രായമായ അമ്മയും ചെറിയ കുട്ടികളുമായി ഭാര്യ ഉഷ തീര്‍ത്തും ഒറ്റപ്പെട്ടുപോയി. അന്ന് പാര്‍ട്ടി പ്രവര്‍ത്തകരും കൂട്ടുകാരും നല്കിയ സഹായവും, കഷ്ടകാലങ്ങളില്‍ താങ്ങും തണലുമായി നിന്ന ഭാര്യയുടെ അകമഴിഞ്ഞ പിന്തുണയുമാണ് തന്നെ പിടിച്ചു നിര്‍ത്തിയത്. താന്‍ സഹോദരനായി പോയതുകൊണ്ട് മാത്രമാണ് ലക്ഷ്മി നാരായണയെ പോലീസ് അറസ്റ്റ് ചെയ്തത്. 1952 ല്‍ കര്‍ക്കളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സദാശിവ റാവുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അന്ന് ജനസംഘത്തിന്റെ പ്രചാരക് ആയിരുന്നു ടി.ആര്.കെ ഭട്ട്.
സംഘപരിവാര്‍ നേതാക്കളായ കെ.ജി.മാരാര്‍, പി.പരമേശ്വരന്, ഒ.രാജഗോപാല്‍ എംഎല്‍എ, സൂര്യനാരായണ റാവു തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനസംഘത്തിന്റെ സംസ്ഥാന ചുമതലകള്‍ വഹിച്ചിരുന്നു. 1990 മുതല്‍ 95 വരെ എന്മകജെ പഞ്ചായത്ത് പ്രസിഡണ്ടായും, 1995 ല്‍ ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും ടിആര്‍കെ വ്യക്തിമുദ്ര പതിപ്പിച്ചു. 95 മുതല്‍ 2000 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബിജെപി കേരളത്തില്‍ ആദ്യമായി അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്മകജെയിലും മഞ്ചേശ്വരത്തുമാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കണ്ണൂര്‍ സന്ദര്‍ശന സമയത്ത് വന്ദേമാതരം ആലപിച്ചതിന്റെ അഭിമാനം ടിആര്കെയ്ക്ക് ഇപ്പോഴുമുണ്ട്. 1980 ല്‍ പെര്‍ള നഗരത്തിലുണ്ടായിരുന്ന അശോക മരം ആരോ മുറിച്ച് കളഞ്ഞപ്പോള്‍ പകരം മരം നട്ട് പിടിപ്പിച്ചത് വന്‍ കോലാഹലങ്ങള്‍ക്ക് കാരണമായെന്ന് പറയുമ്പോള്‍ ടിആര്‍കെയുടെ മുഖത്ത് പുഞ്ചിരി.
നല്ലൊരു പാട്ടുകാരന് കൂടിയായ ടിആര്‍കെ സ്വന്തമായി ഉണ്ടാക്കിയ സത്യനാരായണ ഭജന സംഘവുമായി കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലും കര്‍ണ്ണാടകയിലും അനവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. യക്ഷഗാനം, ശാകുന്തളം നാടകത്തിലെ ശകുന്തളയുടെ വേഷം തുടങ്ങിയവ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് 1956 ല്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ച് ജാലിയന്‍ വാലാബാഗെന്ന പേരില്‍ പുസ്തകം രചിച്ചു. നാമെല്ലാം ഒന്നാണെന്ന സങ്കല്‍പ്പം മുറുകെ പിടിച്ച് ഖാദി മാത്രം ധരിച്ച് സാമൂഹ്യ പ്രശ്നങ്ങളില്‍ തന്റെതായ നിലപാടുകളില്‍ ഉറച്ച് നില്ക്കുന്ന വ്യക്തിയാണ് ടിആര്‍കെ. ഇപ്പോള്‍ ഇടിയഡുക്ക ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിന്റെ പ്രസിഡണ്ടാണ്. വര്‍ഷങ്ങളായി ജന്മഭൂമി പത്രത്തിന്റെ മുടങ്ങാത്ത വായനക്കാരനും.
ടി.ആര്.കെ. ഭട്ടിനെ പെര്‍ളയിലെ ഇടിയഡുക്ക ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര അങ്കണത്തില്‍ 2016 ഒക്ടോബര്‍ 9ന് ജന്മനാട് ആദരിച്ചിരുന്നു. ശിവ പഡ്രെ കന്നഡയില്‍ രചിച്ച ‘ബദുഗിന ബിംബഗളു’ എന്ന ടി.ആര്.കെ. ഭട്ടിന്റെ ജീവചരിത്ര ഗ്രന്ഥം ഒരു തരത്തില്‍ തുളുനാട്ടിലെ ഒരു കാലഘട്ടത്തെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനപന്ഥാവിന്റെ നേര്‍രേഖ തന്നെയാണ്.
ഹലോ ടി.ആര്.കെ. ഭട്ടല്ലേ, ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്….! നിമിഷങ്ങളോളം ആ അപ്രതീക്ഷിത ഫോണ്‍ കോളില്‍ വാക്കുകള്‍ കിട്ടാതെ അമ്പരന്നു പോയി. ഏപ്രില്‍ 23 ന് രാവിലെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് തുളുനാടന്‍ ഗ്രാമങ്ങളില്‍ വേരോട്ടമുണ്ടാക്കിയ ടിആര്കെയെത്തേടി വിളിയെത്തിയത്. മൂത്തമകന് ടി.പ്രസാദാണ് ഫോണെടുത്തത്. വീട്ടിലെ ലാന്റ് ഫോണിലേക്കാണ് വിളി വന്നത്. ടിആര്‍കെ നേരിട്ട് ഫോണെടുക്കാറ് കുറവാണ്. ഫോണെടുത്ത് സംസാരിക്കുന്നതിനിടെ ഇടയ്ക്ക് കട്ടായെങ്കിലും മൂന്നു മിനിട്ടിനുള്ളില്‍ വീണ്ടും കോള്‍ വന്നു. ഹിന്ദിയും ഇംഗ്ലീഷും ടിആര്കെയ്ക്ക് അനായാസം കൈകാര്യം ചെയ്യാനറിയാവുന്നതിനാല്‍ ഫോണ്‍ കൈമാറുകയായിരുന്നു മകന് പ്രസാദ്. ആരോഗ്യ സ്ഥിതിയാണ് മോദി ആദ്യം തിരക്കിയത്. സംസാരിക്കുന്നതാരെന്ന് പെട്ടെന്ന് മനസിലായില്ല. ചോദിച്ചപ്പോള്‍ നരേന്ദ്രമോദിയാണെന്ന് പറയുകയായിരുന്നു. സന്തോഷത്താല്‍ വീര്‍പ്പു മുട്ടി വാക്കുകള്‍ വന്നില്ല. ഇപ്പോഴും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാണോയെന്ന് മോദി അന്വേഷിച്ചു. പ്രായത്തിന്റെ ബുദ്ധിമുട്ട് കാരണം ഇപ്പോള്‍ വീട്ടിലിരിക്കുകയാണെന്നും, മൂത്ത മകന് പ്രസാദ് സാമൂഹ്യ രാഷ്ട്രീയ പ്രവത്തനത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ടിആര്‍കെ താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രമാക്കണമെന്നായിരുന്നു മോദിയോട് ടിആര്‍കെയുടെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ പ്രവവര്‍ത്തനവും ത്യാഗവുമാണ് ഇന്ന് ഭാരതത്തെ ഈ നിലയിലെത്തിച്ചതെന്നും, അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹിന്ദിയില്‍ ആറ് മിനിട്ടോളം രണ്ടുപേരും സംസാരിച്ചു. ഭാര്യ ഉഷ.ആര്.കെ.ഭട്ട്. രണ്ട് ആണ്മക്കളും ഏഴ് പെണ്‍മക്കളുമടങ്ങിയതാണ് ടിആര്‍കെയുടെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: