മക്കളേ,
ആരോഗ്യപൂര്‍ണ്ണമായ കുടുംബജീവിതത്തിലും കുട്ടികളുടെ മാനസികവളര്‍ച്ചയിലും മുത്തശ്ശിമാര്‍ക്കും മുത്തശ്ശന്മാര്ക്കും വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. അമ്മമാരെക്കാള്‍ കുറച്ചുകൂടി പക്വത കാണും അമ്മൂമ്മമാര്‍ക്ക്. അതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ക്കു കുട്ടികളോടു ദേഷ്യപ്പെടാതെ, ക്ഷമയോടെ സ്നേഹത്തോടെ അവരെ നയിക്കാന്‍ അമ്മൂമ്മമാര്‍ക്കു കഴിയും. സ്നേഹപൂര്‍വ്വം അവര്‍ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിക്കഥകളില്‍നിന്നും കുഞ്ഞുങ്ങള്‍ അവരറിയാതെതന്നെ ഭാവിജീവിതത്തില്‍ പ്രയോജനപ്പെടുന്ന ഒത്തിരി പാഠങ്ങള്‍ പഠിക്കുന്നു. അതൊക്കെ ഇന്ന് മിക്ക കുഞ്ഞുങ്ങള്‍ക്കും നഷ്ടപ്പെടുകയാണ്.
ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള അറിവു കിട്ടുന്നുണ്ട്. പക്ഷെ സദാ യന്ത്രം നോക്കി ജീവിച്ച്, യന്ത്രത്തില്‍ ജോലി ചെയ്ത്, അവരുടെ ജീവിതവും യാന്ത്രികമായിത്തീരുകയാണ്. അതുകൊണ്ടു പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനും കഴിയുന്നില്ല. സ്നേഹം സ്വീകരിക്കാനും കൊടുക്കാനും സാധിക്കുന്നില്ല. ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധം ഇന്നു നമുക്കു നഷ്ടമാവുകയാണ്.
ഒരു വീട്ടില്‍ നാലു പേരുണ്ട്, ഭാര്യയും ഭര്‍ത്താവും അവരുടെ ചെറിയ മകനും പിന്നെ മുത്തശ്ശിയും. പ്രായംചെന്ന അമ്മയെ ഒരു ഭാരമായിട്ടാണ് ആ ദമ്പതികള്‍ കണക്കാക്കിയിരുന്നത്. അവര്‍ അമ്മയോടു സ്നേഹപൂര്‍വ്വം പെരുമാറുകയോ വീട്ടുകാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കൊച്ചുമകന്റെ കാര്യം വ്യത്യസ്തമായിരുന്നു. അച്ഛനും അമ്മയും ഓഫീസില്‍ പോയാല്‍ സ്ക്കൂളില്പോകാനുള്ള സമയമാകുന്നതുവരെ മകന് മുത്തശ്ശിയുമായി കളിച്ചിരിക്കും. സ്ക്കൂളില്‍നിന്നു തിരിച്ചെത്തിയാല്‍ നേരെ ഓടിയെത്തി മുത്തശ്ശിയുടെ അടുത്തിരിക്കും. പലതരത്തിലുള്ള കളികളും കോമാളിത്തരങ്ങളുമൊക്കെ കാണിച്ച് അവന് മുത്തശ്ശിയെ ചിരിപ്പിക്കും. അവനും എല്ലാം മറന്നു ചിരിക്കും. എന്നാല്‍ അച്ഛനുമമ്മയും ജോലി കഴിഞ്ഞെത്തുമ്പോള്‍ കുട്ടി മുത്തശ്ശിയുടെ അടുത്തിരിക്കുന്നതു കണ്ടാല്‍ അവനെ വഴക്കു പറയും, ‘എന്തിനാടാ മുത്തശ്ശിയുടെ അടുത്തിരുന്നു സമയം കളയുന്നത്? പരീക്ഷയല്ലെ, പഠിക്കേണ്ടേ?’
ഒരു ദിവസം മകന്റെ സ്ക്കൂളില്‍ ‘ടീച്ചേര്‍സ് ഡേ’ ആയിരുന്നു. ടീച്ചര്‍ക്കു സമ്മാനിക്കാന്‍ ഒരു പൂച്ചെണ്ട് വാങ്ങിക്കണമെന്ന് മകന് ആവശ്യപ്പെട്ടു. പൂച്ചെണ്ട് വാങ്ങിച്ചപ്പോള്‍ മകന് പറഞ്ഞു, ‘അച്ഛാ ഒരു റോസാപ്പൂകൂടി എനിക്കു വാങ്ങിച്ചു തരൂ.’ അച്ഛന് ചോദിച്ചു, ‘അതെന്തിനാടാ?’ മകന് പറഞ്ഞു, ‘നാളെ മുത്തശ്ശിയുടെ പിറന്നാളാണ്.’ അച്ഛന് പറഞ്ഞു, ‘നിനക്ക് വേറെ ജോലിയില്ലെ, മുത്തശ്ശിയ്ക്കു പൂവൊന്നും കൊടുക്കേണ്ട കാര്യമില്ല. ടീച്ചര്‍ നിന്നെ പഠിപ്പിക്കുന്നതുകൊണ്ടാണ് ടീച്ചര്‍ക്കു സമ്മാനം കൊടുക്കുന്നത്.’ കുട്ടി പറഞ്ഞു, ”അച്ഛാ, ടീച്ചറില്‍ നിന്നും ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്, ശരിയാണ്. പക്ഷെ മുത്തശ്ശിയും എനിക്ക് എത്രയൊ നല്ല കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. ടീച്ചറെ ബഹുമാനിക്കണമെന്നു ഞാന്‍ പഠിച്ചതുതന്നെ മുത്തശ്ശിയില്‍നിന്നാണ്. മുത്തശ്ശിയ്ക്ക് എന്നെ എത്ര സ്നേഹമാണെന്നോ. എന്റെ പൊന്നു മുത്തശ്ശിയ്ക്കു കൊടുക്കാന്‍ ഒരു പൂവ് വാങ്ങിച്ചു തരൂ.” ‘നീ ചുമ്മാതിരിക്കടാ’ എന്നു പറഞ്ഞ് അച്ഛന് മകനെ പിടിച്ചുവലിച്ചുകൊണ്ടുപോയി.
മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം മുത്തശ്ശി മരിച്ചു. അച്ഛന് വലിയൊരു റീത്ത് വാങ്ങി മുത്തശ്ശിയുടെ ശവക്കല്ലറയില്‍ വയ്ക്കുന്നതുകണ്ട് മകന് ചോദിച്ചു, ‘അച്ഛാ, എന്തിനാ ഈ പൂക്കള്‍ ഇവിടെ വയ്ക്കുന്നത്?’ ‘മോനെ, ഇതു മുത്തശ്ശിയുടെ സന്തോഷത്തിനുവേണ്ടിയാണ്. മുത്തശ്ശിയോടുള്ള എന്റെ സ്നേഹത്തിന്റെ പ്രതീകമാണിത്.’ മകന് പറഞ്ഞു, ”ഇപ്പോള്‍ മുത്തശ്ശി ജീവിച്ചിരിപ്പില്ല. ഇനി എങ്ങനെയാണ് മുത്തശ്ശി സന്തോഷിക്കുക. മുത്തശ്ശി ജീവിച്ചിരുന്നപ്പോള്‍ അച്ഛന് ഒരു നല്ല വാക്കുപോലും പറഞ്ഞില്ല. മുത്തശ്ശിക്കു പിറന്നാള്‍ ദിവസം കൊടുക്കാനായി ഒരു റോസാപ്പൂ വാങ്ങിത്തരാന്‍ ഞാന്‍ കെഞ്ചിപ്പറഞ്ഞിട്ടും അച്ഛന് കേട്ടില്ലല്ലോ. അന്ന് ആ പൂവ് കൊടുത്തിരുന്നെങ്കില്‍ മുത്തശ്ശി എത്ര സന്തോഷിച്ചേനെ.”
ഓരോ അമ്മയും അച്ഛനും മക്കള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകള്‍ വളരെ വലുതാണ്. മക്കളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുംവേണ്ടി അവര്‍ രാപ്പകല്‍ അധ്വാനിക്കുന്നു. പല അച്ഛനമ്മമാര്‍ക്കും മക്കളെച്ചൊല്ലി തീരാത്ത ആധിയാണ്. അങ്ങനെയുള്ള അച്ഛനമ്മമാര്‍ പിന്നീട് പ്രായമാകുമ്പോള്‍ അവഗണിക്കപ്പെടുന്നത് വേദനാജനകമാണ്. മാസങ്ങള്‍ കൂടുമ്പോള്‍ കുറച്ചുനേരം ഫോണ്‍ചെയ്തു സംസാരിച്ചതുകൊണ്ടോ, പിറന്നാള്‍ ആശംസിച്ചതുകൊണ്ടോ മക്കളുടെ കടമ പൂര്‍ത്തിയാകുന്നില്ല. നന്നായി വിശക്കുന്ന ഒരാള്‍ക്ക് മിഠായി നല്കുന്നതുപോലെയാണത്. വൃദ്ധരായ മാതാപിതാക്കളുടെ ഹൃദയമറിഞ്ഞ് അവരോടു പെരുമാറണം.
ഈ ലോകത്തില്‍ നമുക്ക് ഏറ്റവുമധികം കടപ്പാട് അച്ഛനമ്മമാരോടുതന്നെയാണ്. അവരെ സേവിക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായി വേണം കരുതാന്‍. ചിലര്‍ പറയാറുണ്ട്, ”എന്റെ അച്ഛനമ്മമാര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ വേണ്ടപോലെ അവരെ നോക്കിയില്ല. അതോര്‍ത്ത് ഇന്നെനിയ്ക്കു കുറ്റബോധം തോന്നുന്നു.” ഇങ്ങനെ പശ്ചാത്തപിക്കാന്‍ നമ്മള് ഒരിക്കലും ഇട വരുത്തരുത്. പോയ കാലം തിരിച്ചുവരില്ല. അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ പുത്രധര്‍മ്മം നമ്മള് വേണ്ടതുപോലെ നിര്‍വ്വഹിക്കണം. ഇന്നു നമ്മള് ചെയ്യുന്നതുതന്നെയാണ് നാളെ നമ്മളിലേക്കു തിരിച്ചുവരുന്നതെന്ന് ഒരിക്കലും മറക്കരുത്.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: