പയ്യന്നൂര്‍: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പയ്യന്നൂര്‍ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍. സേവാഭാരതിയുടെ നേതൃത്വത്തില്‍ കാങ്കോലിലും പരിസര പ്രദേശങ്ങളിലുമായി 400 ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം നാലാമത്തെ ഘട്ടമായാണ് പച്ചക്കറിക്കിറ്റ് വിതരണം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി നെല്ലിയാട്ട്, കാളീശ്വരം ആലക്കാട്, കുണ്ടയം കൊവ്വല്‍, ആലപ്പടമ്പ തുടങ്ങി പ്രദേശങ്ങള്‍ ഇതിനകം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു.
നാലാംഘട്ടം പരിപാടികളുടെ ഉദ്ഘാടനം കാങ്കോല്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.പി. കരുണാകരന് മാസ്റ്റര്‍ ദീപപ്രോജ്വലനം നിര്‍വ്വഹിച്ചു. ബിജെപി കര്‍ഷകമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സി.കെ. രമേശന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ.വി. സജിത്ത്, എ.കെ. രാജഗോപാലന്‍ മാസ്റ്റര്‍, പി. കണ്ണന്, ഗംഗാധരന് കാളിശ്വരം, ഇ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് കെ.സുനില്‍കുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിവിധ സ്ഥലങ്ങളിലായി നടന്ന വിതരണ ചടങ്ങുകള്‍ക്ക് സന്തോഷ് കാങ്കോല്‍, ടി. സജിത്ത്, ഷിജില്‍, അനീഷ്, രഞ്ചിത്ത്, ശ്രാവണ്‍, സനീഷ്, കുട്ടന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: