ന്യൂദല്‍ഹി : ടൂര്‍ ഓഫ് ഡ്യൂട്ടി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സൈനികര്‍ക്ക് ജോലി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി സൈന്യം മുന്നോട്ട് വെച്ചതാണ് ടൂര്‍ ഓഫ് ഡ്യൂട്ടി. ഇത് പ്രകാരം മൂന്ന് വര്‍ഷത്തേയ്ക്ക് യുവാക്കള്‍ക്ക് എല്ലാ ഇളവുകളോടും കൂടി സൈനിക ജോലിയില്‍ പ്രവേശിക്കാം. സൈന്യത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്.
സൈന്യം കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ വെച്ചിട്ടുള്ള ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതിയില്‍ താന്‍ വളരെ ആകൃഷ്ടനാണ്. മികച്ച ക്ഷമതയുള്ളവരായ യുവാക്കള്‍ക്ക് മെച്ചപ്പെട്ട അവസരമാണ് ഇതിലൂടെ ലഭിക്കുക. സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്കായി പിന്നീട് ജോലി നല്‍കാനും മഹീന്ദ്ര ഗ്രൂപ്പ് ഒരുക്കമാണെന്നും ആനന്ദ് അറിയിച്ചു.
ടൂര്‍ ഓഫ് ഡ്യൂട്ടി സേവനം കഴിഞ്ഞെത്തുന്നവര്‍ക്ക് സൈനിക സേവനത്തിലൂടെ ലഭിക്കുന്ന പരിശീലനം ഏത് ജോലിചെയ്യാനും ഒരു അധികയോഗ്യതയായി മാറും എന്നതില്‍ സംശയമില്ലെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. സൈന്യത്തിന്റെ കണിശതയാര്‍ന്ന തെരഞ്ഞെടുപ്പു രീതികള്‍ പൂര്‍ത്തിയാക്കുന്നവരെ സ്വീകരിക്കാന്‍ മഹീന്ദ്രയുടെ സ്ഥാപനങ്ങള്‍ എന്നും മുന്‍നിരയിലുണ്ടാകും.
ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനത്തിലൂടെ തുടക്കത്തില്‍ 100 ഓഫീസര്‍മാരേയും 1000 മറ്റുള്ളവരേയും മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കാനാണ് തീരുമാനം. നിലവിലെ സൈനിക ജോലികളിലെ ഏറ്റവും കുറഞ്ഞ കാലയളവ് 10 വര്‍ഷമാണ്. ഈ കാലയളവിലെ വരുമാനവും നികുതി രഹിതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: