കോഴിക്കോട്: ബധിരനും മൂകനുമായ യുവാവിന്റെ ക്ഷേമ പെന്‍ഷനില്‍ നിന്ന് സിപിഎം നേതാവ് ഈടാക്കുന്നത് 500 രൂപ വീതം. കോട്ടൂളിയിലെ വലിയപറമ്പത്ത് മനോജിന്റെ ക്ഷേമപെന്‍ഷനില്‍ നിന്നാണ് സിപിഎം നേതാവ് കയ്യിട്ട് വാരുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പെന്‍ഷനില്‍ നിന്ന് പണം തട്ടിയെടുത്തതായി കുടുംബം കലക്ടര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്കി. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് വഴിയാണ് പെന്ഷന് നല്‍കേണ്ടത്. ഗുണഭോക്താവിന്റെ വീട്ടിലെത്തിച്ചു കൊടുക്കുന്നതിന് പകരം നേതാവിന്റെ വീട്ടിലെത്തിയിട്ട് വേണം പെന്ഷന് പണം കൈപ്പറ്റാന്‍.
മൂന്നും നാലും മാസത്തെ പെന്ഷന് ഒരുമിച്ചാണ് ലഭിക്കുക. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് പണം കൈപ്പറ്റുമ്പോള്‍ അതില്‍ നിന്ന് 500 രൂപ നേതാവെടുക്കുമെന്ന് മനോജ് വീട്ടുകാരോട് പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. 2019 ജൂണ്‍മാസത്തെ പെന്‍ഷനാണ് അവസാനമായി ലഭിച്ചത്. ബാങ്കിലന്വേഷിച്ചപ്പോള്‍ ആധാറും മറ്റു രേഖകളും ഹാജരാക്കണമെന്നാണ് പറഞ്ഞത്. മനോജിന്റെ അമ്മ വലിയപറമ്പത്ത് ശാന്തയുടെ പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. പെന്ഷന് തുക തട്ടിയെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരിക്കുകയാണ്.
മനോജിന്റെ പെന്ഷന് തട്ടിയെടുത്താണ് സിപിഎംകുടുംബത്തെ പാര്ട്ടിസഹായിച്ചതെങ്കില് സഹോദരന് ബാബുരാജിന് ഏല്‍ക്കേണ്ടിവന്നത് നേതാക്കളുടെ ക്രൂരമര്‍ദ്ദനം. 2013 ലായിരുന്നു അത്. സിപിഎം കോട്ടൂളി സൗത്ത് ബ്രാഞ്ചില്‍ നൂറിനടുത്ത് അംഗങ്ങളുണ്ടായിരുന്നു. സൗത്ത് ബ്രാഞ്ചും പൈപ്പ്ലൈന് റോഡ് ബ്രാഞ്ചുമായി പിരിഞ്ഞപ്പോള്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പങ്കെടുത്ത യോഗത്തില്‍ ആകെ പങ്കെടുത്തത് അമ്പതില്‍ താഴെ മാത്രം അംഗങ്ങള്‍. പാര്‍ട്ടിയോഗത്തില്‍ അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്നെ വൈകീട്ട് തല്ലിച്ചതച്ചതെന്ന് ബാബുരാജ് പറഞ്ഞു.
കോട്ടൂളി പൈപ്പ്ലൈന് റോഡിലെ വീഴാറായ കുടിലിലാണ് ശാന്തയും മക്കളും താമസിക്കുന്നത്. പദ്ധതികള്‍ പലത് പ്രഖ്യാപിച്ചെങ്കിലും അടച്ചുറപ്പുള്ള നല്ല വീടുണ്ടാക്കാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഈ പദ്ധതികളൊന്നും ഇവരെ കടാക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് ബധിരനും മൂകനുമായ മകന്റെ പെന്ഷന് തുകയും നേതാക്കള്‍ കയ്യിട്ടു വാരിയെന്ന് അമ്മ പരാതിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: