വായ്പാതട്ടിപ്പ് കേസ് പ്രതിയും മദ്യവ്യവസായിയുമായ വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയതിലൂടെ മല്ല്യയുടെ മുന്നിലുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞിരിക്കുന്നു. അന്തിമവിധി വന്ന് 28 ദിവസത്തിനുള്ളില്‍ അത് നടപ്പാക്കുന്നതിന് നടപടിയുണ്ടാകണമെന്നാണ് ബ്രിട്ടനിലെ നിയമം. അതിനാല്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാനുള്ള ബ്രിട്ടനിലെ മജിസ്ട്രേറ്റ് കോടതിവിധി ജൂണ്‍ ആദ്യവാരത്തോടെ നടപ്പാക്കേണ്ടി വരും. നരേന്ദ്രമോദി സര്‍ക്കാരിനെ സംബന്ധിച്ച് സുപ്രധാന നേട്ടമാണിത്.
വിജയ് മല്ല്യക്കെതിരെയുള്ള കേസുകളില്‍ വിചാരണ നടത്തുന്നതിനാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. വായ്പാതട്ടിപ്പ് കേസ് മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യം, വിദേശ നാണ്യ വിനിമയ നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളില്‍ സിബിഐയും എന്‍ഫോഴ്സമെന്റും ചുമത്തിയ കേസുകളിലും മല്ല്യ ഇന്ത്യയില്‍ വിചാരണ നേരിടേണ്ടതുണ്ട്. 9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യ, മോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ ഫലമായി നിയമപരമായ കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഭാരത സര്‍ക്കാരിനോട് ട്വിറ്ററിലൂടെ വീണ്ടും അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഇന്ത്യയിലെ ബാങ്കുകള്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
വിജയ് മല്ല്യയുടേതടക്കം അമ്പതോളം വ്യവസായികളുടെ 68,607 കോടി രൂപയുടെ വായ്പകള്‍ ഇന്ത്യ എഴുതിത്തള്ളി എന്ന വാര്‍ത്ത കഴിഞ്ഞമാസം പ്രചരിച്ചിരുന്നു. ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്കു പ്രചാരം നല്കി. വിവരാവകാശ നിയമപ്രകാരം ലഭിച്ചത് എന്ന നിലയിലാണ് വാര്‍ത്ത നല്‍കിയത്. സത്യത്തില്‍, 68,607 കോടിയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളി എന്ന് റിസര്‍വ് ബാങ്ക് പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. റൈറ്റ് ഓഫ് എന്നതിന് അര്‍ത്ഥം വായ്പയെടുത്തയാള്‍ ഇനി തിരിച്ചടയ്ക്കേണ്ട എന്നല്ല, ഇത്തരം വായ്പകള്‍ ബാലന്‍സ് ഷീ്റ്റില്‍ നിന്ന് മാറ്റുക എന്നാണ്. ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ ബാങ്കുകള്‍ എടുക്കുന്ന നടപടിയാണിത്. വായ്പ പലിശസഹിതം തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കിന് നിയമപരമായ നടപടികളിലേക്ക് നീങ്ങാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടുള്ളതാണ് ഈ നടപടി.
വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തതല്ല. തെറ്റായി വ്യാഖ്യാനിച്ച് രാജ്യ താത്പര്യത്തിന് വിരുദ്ധരായി മാറുകയായിരുന്നു അവര്‍. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ഓഫറുമായി തന്നെ വന്നു കണ്ടു എന്ന മല്ല്യയുടെ വെളിപ്പെടുത്തലിനും ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണല്ലോ നല്‍കിയത്. ഇന്ത്യ വിടുന്നതിന് മുമ്പ് താന്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നായിരുന്നു മല്ല്യയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ 2004നു ശേഷം മല്ല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും രാജ്യസഭാംഗം എന്ന നിലയിലുള്ള പ്രത്യേക അവകാശം ഉപയോഗിച്ചു മല്ല്യ തന്റെ മുറിയിലേക്ക് കയറിവന്നെങ്കിലും താന്‍ സംസാരിക്കാനോ പറയുന്നത് കേള്‍ക്കാനോ തയ്യാറായിട്ടില്ല എന്നും അരുണ്‍ ജെയ്റ്റ്ലി വെളിപ്പെടുത്തിയതോടെ ആ ആരോപണത്തിന്റെയും മുനയൊടിഞ്ഞിരുന്നു. ഇപ്പോള്‍ വിജയ് മല്ല്യയെ ഇന്ത്യയിലെത്തിക്കാനും കുടിശ്ശിക വരുത്തിയ കോടികള്‍ തിരിച്ചുപിടിക്കാനും വഴിയൊരുങ്ങിയതോടെ ആരോപണങ്ങള്‍ക്കു കൃത്യമായ മറുപടിയായി.
9,000 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി മല്ല്യ തിരിച്ചടക്കാനുള്ളത്. 2016 മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്ന അദ്ദേഹത്തെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇന്ത്യയിലെ 12,500 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കള്‍ എ്ന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. മല്ല്യയെ തിരിച്ചെത്തിച്ച് വിചാരണ നടത്തിയാല്‍ മാത്രമേ ഈ കണ്ടുകെട്ടലിന് നിയമസാധുത ഉണ്ടാവുകയുള്ളു.
ബാങ്ക് വായ്പാത്തട്ടിപ്പിലൂടെ ഇന്ത്യയുടെ സഹസ്രകോടികള്‍ അപഹരിച്ച നീരവ് മോദി, മേഹുല്‍ ചോക്സി തുടങ്ങിയവരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കാരണം, ഇന്ത്യ ഭരിക്കുന്നത് വ്യവസായത്തിന്റെ പേരില്‍ രാജ്യത്തിന്റെ പണം കട്ടുമുടിക്കുന്ന കൊള്ളക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരല്ല. അവരെ തുറങ്കിലടക്കാനും പിടിച്ചുപറിച്ച പണം തിരിച്ചുപിടിക്കാനും കെല്പുള്ള ശക്തമായ ഭരണകൂടമാണിത്. ബാങ്ക് വായ്പ തട്ടിപ്പുകളെല്ലാം നടന്നത് 2014ന് മുമ്പുള്ള അഞ്ചെട്ട് വര്‍ഷങ്ങളിലാണ്. അതായത് യുപിഎ ഭരണകാലത്ത്. ഇത് പുറംലോകം അറിഞ്ഞത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണെന്നു മാത്രം. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം നടത്തിയിട്ടും 2014 വരെ ഇന്ത്യയില്‍ സൈ്വര്യവിഹാരം നടത്തിയവര്‍ മോദി അധികാരമേറിയതോടെ നടപടികള്‍ ഭയന്ന് രാജ്യംവിട്ട് ഓടുകയായിരുന്നു. ചിലര്‍ പ്രചരിപ്പിക്കുന്നത് മോദി അധികാരമേറ്റപ്പോള്‍ രാജ്യം കൊള്ളയടിക്കപ്പെട്ടു എന്നും. കൊള്ളയടിക്കപ്പെട്ട ആ കോടികള്‍ തിരിച്ചുപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വിജയത്തിന്റെ വഴിയില്‍ എത്തി നില്‍ക്കുന്നത്. സത്യത്തെ എക്കാലവും മൂടിവയ്ക്കാനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: