ദുബായ്യിലെ വന്ദേഭാരത് മിഷന് ഹെല്പ് ഡെസ്ക് സന്ദര്‍ശിച്ചതിന് ശേഷമാണ് ഈ കുറിപ്പു തയ്യാറാക്കിയത്. എംബസിയിലും കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്ത് വിളി കാത്തിരിക്കുന്ന എല്ലാവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതാണ് ഭാരത സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കോവിഡ് വ്യാപന പ്രതിസന്ധി നമ്മുടെ രാജ്യത്ത് തുടരുമ്പോഴും ലോകമെങ്ങുമുള്ള പ്രവാസികളുടെ ആശങ്കയും നാട് പറ്റാനുള്ള ആഗ്രഹവും മനസിലാക്കി അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ് നമ്മുടെ സര്‍ക്കാര്‍. വിവിധ രാജ്യങ്ങളുമായി നമ്മള് പുലര്‍ത്തുന്ന നയതന്ത്ര, സൗഹൃദ ബന്ധങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് വിദേശങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി പരമാവധി സൂക്ഷ്മതയോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും.
ഒരുപക്ഷെ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നയാളുടെ പേര് യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് അവര്‍ ആഗ്രഹിക്കുന്ന ദിവസം ആയിരിക്കില്ല. അതിനു കാരണം ബാഹ്യ ഇടപെടലുകളോ, സ്വാധീനങ്ങളോ അല്ല. ഓരോരുത്തരും മടക്ക യാത്രയ്ക്കുള്ള കാരണമായി സമര്‍പ്പിച്ച വിവരങ്ങളാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ക്രോഡീകരിച്ച് വന്ദേഭാരത് ദൗത്യത്തിനായി വിവിധ പ്രവാസി സംഘടനകളുടെ വോളന്റിയേഴ്സിനെ ഏല്‍പ്പിക്കുന്നത്.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സേവന സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് നമ്മുടേത്. പ്രവാസി സംഘടനകളുടെ എണ്ണവും കുറവല്ല. ഇതിനു പുറമെയാണ് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരും ഒട്ടേറെ. രക്ഷാ ദൗത്യത്തില്‍ ആദ്യമേ തന്നെ ഉള്‍പ്പെടണമെന്ന ആഗ്രഹത്തോടെ ഇവരെയൊക്കെ സമീപിക്കുന്നവര്‍ ധാരാളമായുണ്ടാകും. തങ്ങള്‍ക്ക് മുന്നില്‍ കിട്ടുന്ന അത്തരം അപേക്ഷകള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ക്ക് ഇവരൊക്കെ കൈമാറുന്നുണ്ടാകാം. അതെല്ലാം പരമാവധി സൂക്ഷ്മതയോടെ സുതാര്യമായി, അനര്‍ഹര്‍ കയറിക്കൂടുന്നില്ല എന്ന് ഉറപ്പ് വരുത്തിത്തന്നെയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നത്.
വന്ദേഭാരത് മിഷന് ഹെല്പ് ഡെസ്ക്കില്‍ പ്രവാസികളായ സഹോദരീ സഹോദരന്മാര് തന്നെയാണ് സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരും ഇതിലുണ്ട്. പലര്‍ക്കും കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി. പലരോടും കമ്പനികള്‍ നീണ്ട അവധിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ടു. യുഎഇയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രണ്ടു ലക്ഷത്തോളം ആളുകളാണ്. മുന്‍ഗണനാ ക്രമം അനുസരിച്ച് ഇത്രയും പേരെ നാട്ടിലെത്തിക്കുന്നത് എത്ര ശ്രമകരമായിരിക്കും? ഗര്‍ഭിണികള്‍, പ്രായമായവര്‍, കോവിഡ് ഇതര രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, കുട്ടികള്‍, അടുത്ത ബന്ധുക്കളുടെ ചികിത്സാ ആവശ്യം, ഒറ്റപ്പെട്ടുപോയ ടൂറിസ്റ്റുകള്‍, വിസിറ്റ് വിസക്കാര്‍, ജോലി നഷ്ടമായവര്‍ തുടങ്ങി അടുത്ത ബന്ധുവിന്റെ മരണം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് യാത്രാ ആവശ്യമായി രജിസ്ട്രേഷന് സമയത്ത് നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കും യാത്രയില്‍ ഒരാളെ ഒപ്പം കൂട്ടുന്നതിന് അനുവാദമുണ്ട്.
180ല്‍ താഴെ യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചാണ് ഓരോ വിമാനവും നാട്ടിലേക്ക് പറക്കുന്നത്. സ്വാഭാവികമായും അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ പോലും ആദ്യ പട്ടികയില്‍ ഇടം നേടണമെന്നില്ല. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വിമാന സര്‍വീസുകളും കപ്പല്‍ സര്‍വീസുകളുമൊക്കെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് തന്നെ കേരളത്തിലേക്കുള്‍പ്പെടെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
മാനുഷികമായ ചെറിയ പിഴവുകളൊക്കെ ഈ നടപടി ക്രമങ്ങളില്‍ സംഭവിച്ചേക്കാം. പക്ഷെ ബോധപൂര്‍വം അനര്‍ഹരെ ഉള്‍പ്പെടുത്തുകയോ, അര്‍ഹതയുള്ളവരെ തഴയുകയോ ചെയ്യുന്നില്ല. തെറ്റായ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്ത ചിലര്‍ പ്രവാസികളുടെ ഇടയിലുണ്ട്. ആ വഴിയിലൂടെ ഇതിനകം നാട്ടിലെത്തിയവര്‍, തങ്ങള്‍ ചെയ്തതിന്റെ ശരി തെറ്റുകള്‍ സ്വന്തം മനഃസാക്ഷിയോട് പറയട്ടെ. തങ്ങളുടെ ചെയ്തി മൂലം അവസരം നഷ്ടപ്പെട്ട അര്‍ഹതപ്പെട്ടവരെ ഓര്‍ത്ത് ഒരുനേരമെങ്കിലും പശ്ചാത്തപിക്കട്ടെ. ഈ സംവിധാനത്തെ നമുക്ക് വിശ്വസിക്കാം. നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് വഹിക്കാനാവാതെ ബുദ്ധിമുട്ടുന്നവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയോ എംബസിയെയോ വിവരം അറിയിച്ചാല്‍, അവര്‍ അര്‍ഹരെങ്കില്‍ പൂര്‍ണമായും സൗജന്യമായി നാട്ടിലെത്തിക്കുന്നുമുണ്ട്. സൗജന്യം അര്‍ഹതയുള്ളവര്‍ക്ക് മാത്രം ലഭിക്കട്ടെ.
ശ്രീരാജ്. വി. കൈമള്‍
(യുഎഇയില്‍ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: