വിജ്ഞാനമയ കോശത്തെപ്പറ്റി അടുത്ത 5 ശ്ലോകങ്ങളില്‍ വിവരിക്കുന്നു.
ശ്ലോകം 184
ബുദ്ധിര്ബുദ്ധീന്ദ്രിയൈഃ സാര്‍ദ്ധം സവൃത്തിഃ കര്‍ത്തൃ ലക്ഷണഃ
വിജ്ഞാനമയകോശഃ സ്യാത് പുംസഃ സംസാര കാരണം
ജ്ഞാനേന്ദ്രിയങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളോട് കൂടിയതും കര്‍തൃത്വ അഭിമാനമുള്ളതുമായ ബുദ്ധിയാണ് വിജ്ഞാനമയ കോശം. ജീവന്റെ സംസാരത്തിന് കാരണമാണ് വിജ്ഞാനമയകോശം. ബുദ്ധിയും ബുദ്ധിയുടെ പലതരത്തിലുള്ള വൃത്തികളും ജ്ഞാനേന്ദ്രിയങ്ങളും ചേര്‍ന്നതാണ് വിജ്ഞാനമയകോശം. ഇത് ആത്മാവിനെ മറയ്ക്കുന്നതിനാല്‍ സംസാരത്തിന് കാരണമാകുന്നു.
ഞാന്‍ ചെയ്യുന്നു എന്ന കര്‍തൃത്വഭാവം ബുദ്ധി വൃത്തിയാണ്. ഞാന്‍ ചെയ്യുന്നുവെന്ന ഭാവം കര്മ്മബന്ധനത്തിനും തുടര്‍ന്ന് വാസനയ്ക്കും കാരണമാകും. വാസനകളെ പ്രകടമാക്കാനായി ജന്മമുണ്ടാകും. ഇതുമൂലം കര്‍മ്മം അതിന്റെ ഫലമായി വീണ്ടും വാസനയും കര്‍മ്മവും അതിനായി ജന്മവും ഉണ്ടാകും. ഇങ്ങനെ വീണ്ടും വീണ്ടും ജനന മരണങ്ങള്‍ക്ക് കാരണമാകും. ഓരോ ജനനവും വാസനയെ ക്ഷയിപ്പിക്കാനുള്ളതാണ്. ജീവന് ഒരു അനുഭവമണ്ഡലത്തില്‍ നിന്ന് അടുത്തതിലേക്ക് യാത്ര ചെയ്യുന്നു. ഇതാണ് ജനന മരണങ്ങള്.
ശ്ലോകം 185
അനുവ്രജത്ചിത് പ്രതിബിംബ ശക്തിഃ
വിജ്ഞാനസംജ്ഞഃ പ്രകൃതേര്വികാരഃ
ജ്ഞാനക്രിയാവാനഹമിത്യജസ്രം
ദേഹേന്ദ്രിയാദിഷ്വഭിമന്യതേ ഭൃശം
ജ്ഞാനസ്വരൂപമായ ആത്മാവിന്റെ പ്രതിബിംബ ചൈതന്യം പ്രകൃതിയുടെ വികാരമായ വിജ്ഞാനമയ കോശത്തില്‍ പ്രവേശിക്കുന്നു. അതിനാല്‍ വിജ്ഞാനമയകോശം ജ്ഞാനം എന്ന ക്രിയയോട് ചേര്‍ന്ന് ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ വളരെയേറെ അഭിമാനിക്കുന്നു.
ചിത് സ്വരൂപമായ ആത്മാവ് വിജ്ഞാനമയ കോശത്തില്‍ പ്രതിബിംബിക്കുന്നു. ബുദ്ധിയില്‍ പ്രതിഫലിക്കുന്ന ചിത്തിനെ തേജസ്സ് അഥവാ ചൈതന്യം എന്ന് പറയുന്നു. സൂര്യന് വെള്ളത്തില്‍ പ്രതിബിംബിക്കുന്നത് പോലെയാണിത്. ഓരോന്നിലും വിളങ്ങിക്കൊണ്ടിരിക്കുന്ന ജീവചൈതന്യം ചിത്സ്വരൂപമായ ഈശ്വരന് തന്നെയാണ്. അത് എല്ലാറ്റിലും എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. ബുദ്ധിയില്‍ പ്രതിബിംബിക്കുന്ന ഈ ചൈതന്യമാണ് ഞാന്‍ എന്ന ഭാവത്തെ ഉണ്ടാക്കുന്നത്. ഞാന്‍ ചെയ്യുന്നു എന്ന കര്‍തൃത്വ അഭിമാനമുള്ള ജീവഭാവത്തിന് കാരണമാകും.
ചൈതന്യത്തിന്റെ ബന്ധമില്ലെങ്കില്‍ ജഡഉപാധികളായ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയ്ക്കൊന്നും പ്രവര്‍ത്തിക്കാനാവില്ല. ചിത് പ്രകാശത്തിന്റെ പ്രതിഫലനമാണ് ബുദ്ധി ചൈതന്യമാകുന്നത്. അതിന് സ്വയമായി പ്രകാശമില്ല. ഇരുട്ടത്ത് കണ്ണാടി വച്ചാല്‍ അതില്‍ ഒന്നും ഫലിക്കില്ല. എന്നാല്‍ ചെറിയ പ്രകാശമുണ്ടായാലും കണ്ണാടിയില്‍ പ്രതിഫലനമുണ്ടാകും. ആത്മ പ്രകാശമാണ് ബുദ്ധിയേയും പ്രകാശിപ്പിക്കുന്നത്. അറിയുക എന്നതാണ് വിജ്ഞാനമയകോശത്തിന്റെ ധര്‍മ്മം. ആത്മാവിന്റെ സത്, ചിത് അംശവും ബുദ്ധി വൃത്തിയും കൂടിച്ചേരുമ്പോഴാണ് ഞാന്‍ അറിയുന്നു എന്നത് സംഭവിക്കുന്നത്.
ഇത് എന്നില്‍ ഞാന്‍ എന്ന ഭാവത്തേയും പുറമെയുള്ളവയില്‍ എന്റെ എന്ന ഭാവത്തേയും ഉണ്ടാക്കും.ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ അഭിമാനിക്കുമ്പോള്‍ അത് ജീവന് ആയി മാറുന്നു. ഈ അഹന്താ മമതകള് സംസാരത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: