കാസര്‍കോട്: സിപിഎം നേതാവിന്റെ ധിക്കാരവും നിയമലംഘനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് കാസര്‍കോട് ജില്ലയെ വീണ്ടും ആശങ്കയുടെ മുന്‍മുനയിലാക്കിയിരിക്കുന്നു. പൊതുപ്രവര്‍ത്തകനും സിപിഎം നേതാവുമായ ഇയാളും പഞ്ചായത്തംഗമായ ഭാര്യയും ജില്ലാ ആശുപത്രിയും കമ്യൂണിറ്റി കിച്ചനും മരണവീടും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. അതോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ആളുകളെ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നത് അസാധ്യമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
പൊതുജനങ്ങളുടെ പ്രതിഷേധം അതി ശക്തമായതോടെ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയത് മറച്ചുവെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേശ്വരം പോലീസാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മേയ് നാലിന് മുംബൈയില്‍ നിന്ന് ചരക്കുലോറി കയറി ക്ലീനറെന്ന വ്യാജേനയെത്തിയ ബന്ധുവിനെ ഇവര്‍ നിയമവിരുദ്ധമായാണ് കേരളത്തിലേയ്‌ക്ക് കടത്തിയെന്ന് ആരോപണമുണ്ട്. ഭരണസ്വാധീനത്തില്‍ യാതൊരു പരിശോധനയുമില്ലാതെ തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയിലെത്തിയ ബന്ധുവിനെ സിപിഎം നേതാവ് കാറുമായി ചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പൈവെളികെ പഞ്ചായത്ത് അംഗമായ ഭാര്യയും നേതാവിനൊപ്പം തലപ്പാടിയിലെത്തിയിരുന്നു. യാത്രാ പാസ് പോലുമില്ലാതെയാണ് ബന്ധു അതിര്‍ത്തി കടന്നെത്തിയതെന്നും ആരോപണമുണ്ട്. ഇയാളെ സര്‍ക്കാര്‍ പരിശോധനകളൊന്നുമില്ലാതെ നേരിട്ട് പൈവെളികെയിലെ വീട്ടിലെത്തിക്കുകയായിരുന്നു. മുംബൈയില്‍ തട്ടുകട നടത്തുന്ന ആളായിരുന്നു നേതാവിന്റെ ബന്ധു. അവിടെ കോവിഡ് ബാധിതര്‍ ഏറെയുള്ള പ്രദേശത്തു നിന്നാണ് ഇയാള്‍ വരുന്നതെന്ന് അറിയാമായിരുന്നിട്ടും വിവരം കോവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കുകയോ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ല.
പരീക്ഷണകാലം കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന ജില്ലയെ വീണ്ടും കോവിഡ് രോഗഭീതിയുടെ മുള്‍മുനയിലാക്കിയിരിക്കുകയാണ് അതിര്‍ത്തി പഞ്ചായത്തില്‍ നിന്നുള്ള സിപിഎം പ്രാദേശിക നേതാവിന്റെ നിയമലംഘനം. സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഭരണകക്ഷിക്കാരനായ തനിക്കു ബാധകമല്ലെന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയിലെ രണ്ട് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരും കാന്‍സര്‍ രോഗികളുമുള്‍പ്പെടെ നൂറോളം പേരാണ് രോഗഭീതിയിലായത്.
തൊട്ടടുത്ത ദിവസം സിപിഎം നേതാവ് ഒരു കാന്‍സര്‍ രോഗിയെകൊണ്ട് ഇതേ കാറില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പിക്കായി എത്തിച്ചിരുന്നു. രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തു. ഏഴിന് വീണ്ടും നേതാവെത്തി രോഗിയെ വാര്‍ഡില്‍ ചെന്ന് കണ്ടു. ലാബില്‍ പോയി പരിശോധനഫലം വാങ്ങി സ്റ്റാഫ് നഴ്‌സിനെ ഏല്‍പിച്ചു. എട്ടിന് ശബ്ദം അടത്തതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറെ പോയിക്കണ്ടു. ഫാര്‍മസിയില്‍ നിന്ന് മരുന്നും വാങ്ങി. രോഗം സ്ഥിരീകരിച്ച പഞ്ചായത്തംഗത്തിന്റെ രണ്ടു മക്കളും ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും ആദ്യത്തെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. നേതാവുമായി മാത്രമായിരുന്നു ഇവരുടെ സമ്പര്‍ക്കം.
ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിലും ലാബിലും എക്‌സ് റേ വിഭാഗത്തിലും ഇദ്ദേഹം പലവട്ടം കയറിയിറങ്ങിയിരുന്നു. ഇപ്പോള്‍ ഇഎന്‍ടി ഡോക്ടറും ഓങ്കോളജിസ്റ്റും സ്റ്റാഫ് നഴ്‌സും റേഡിയോളജി വിഭാഗത്തിലെ ആറു ജീവനക്കാരും ക്വാറന്റെനില്‍ പ്രവേശിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗികളുള്‍പ്പെടെയുള്ളവരിലേക്ക് രോഗപ്പകര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. നാട്ടിലെ വിവാഹം, തൊട്ടില്‍ തൂക്ക് ചടങ്ങുകളിലും ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റേതുള്‍പ്പെടെയുള്ള മരണവീടുകളിലും ഇതിനിടയില്‍ നേതാവ് സന്ദര്‍ശനം നടത്തിയിരുന്നതായും സൂചനയുണ്ട്. പഞ്ചായത്ത് അംഗമായ ഭാര്യയും വിവിധ സ്ഥലങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. നാടുമുഴുവന്‍ നടന്ന് രോഗം പടര്‍ത്തിയ നേതാവിന്റെ നിയമലംഘനത്തിനു നേരെ ആദ്യഘട്ടത്തില്‍ ബന്ധപ്പെട്ട അധികൃതരും കണ്ണടച്ചതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: