കാസര്‍കോട്: കോവിഡ് മുക്ത ജില്ലയായ കാസര്‍കോടിനെ വീണ്ടും അപകട നിലയിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് അനധികൃത മനുഷ്യക്കടത്ത് നടത്തി ആശങ്കയിലാഴ്ത്തിയ മഞ്ചേശ്വരം മണ്ഡലലത്തിലെ സിപിഎം നേതാവിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പത്രസമ്മേളനത്തില്‍ ബിജെപി ആവശ്യപ്പെട്ടു.
സിപിഎം നേതാവിന്റെ ധിക്കാരവും അഴിമതിയുമാണ് കാസര്‍കോട് ജില്ലയില്‍ വീണ്ടും കൊറോണ വൈറസ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. ഭരണസ്വാധീനം ഉപയോഗിച്ച് മുംബൈയില്‍ നിന്നുള്ള ബന്ധുവിനെ ചരക്ക് ലോറി ക്ലീനറെന്ന വ്യാജേന പാസ് പോലുമില്ലാതെ ജില്ലയിലേക്ക് കടത്തിയതാണ് വീണ്ടും ഇവിടെ കൊറോണ വൈറസ് ബാധയുണ്ടാകാന്‍ കാരണമായത്. മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തിയില്‍ പോയി ബന്ധുവിനെ കാറില്‍ കൂട്ടികൊണ്ടു വന്ന സിപിഎം നേതാവിന്റെ പ്രവര്‍ത്തി കടുത്ത വീഴ്ചയാണെന്നും ബിജെപി വ്യക്തമാക്കി. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും, നിയമപാലകരും അതീവ ജാഗ്രതയില്‍ പ്രവര്‍ത്തിച്ച് കൈവന്ന നേട്ടം സി.പി.എം നേതാവിന്റെ ആള് കടത്ത് കാരണം കളഞ്ഞു കുളിച്ചിരിക്കയാണ്.
കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന ധിക്കാരമാണ് ഇത്തരക്കാര്‍ക്ക് നിയമലംഘനങ്ങള്‍ക്ക് ധൈര്യം പകരുന്നത്. പരിമിതമായ ചികിത്സാ സൗകര്യം മാത്രം ലഭിക്കുന്ന ജില്ലയില്‍ കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ജനങ്ങള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം പോലും തകിടം മറിക്കുന്ന നിലയിലേക്കെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിന്റെ സ്വജനപക്ഷപാതപരമായ നടപടികളാണ്. സിപിഎം പ്രവര്ത്തകന് സന്ദര്‍ശിച്ചതിന്റെ പേരില്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തിലായി. ആശുപത്രി പോലും അടച്ചിടേണ്ട സാഹചര്യത്തിലേക്കാണെത്തിച്ചിരിക്കുന്നത്.
പാസുമായി വരുന്ന സാധാരണക്കാരായ കേരളീയരെ തലപ്പാടി സഹായകേന്ദ്രത്തില്‍ അനാവശ്യ നിബന്ധനകളുയര്‍ത്തി മണിക്കൂറുകളോളം തടഞ്ഞ് ദ്രോഹിക്കുന്നവര്‍ പാര്‍ട്ടിയുടെ നിറം നോക്കിയാണ് മൃതദേഹം പോലും കടത്തിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ പാര്‍ട്ടി താല്പര്യമുള്ളവരെ എളുപ്പത്തില്‍ കടത്തിവിടുകയും അല്ലാത്തവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണ്. അധികാര സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കള്‍ നിയമലംഘനം നടത്തുകയാണ്. രോഗികളുടെ എണ്ണം കുറഞ്ഞ് ജില്ല മെച്ചപ്പെട്ട സ്ഥിതിയിലായ അവസരത്തിലാണ് സിപിഎം നേതാവിന്റെ നടപടി വീണ്ടും കാസര്‍കോടിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഇതില്‍ വീഴ്ച തുറന്നു പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങളെ കൊറോണ വൈറസിന് ഇരയാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളുടെ സംഘത്തിനെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്കി. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മീറ്റ് വഴിയാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ പത്രസമ്മേളനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: