മുംബൈ: കെ.എല്‍. രാഹുലുമായി തനിക്ക് മല്‍സരമില്ലെന്നും പെര്‍ഫോമന്‍സില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും ഇന്ത്യയുടെ ഇടംകൈയ്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ഇര്ഫാന് പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകായായിരുന്നു ധവാന്.
ബാറ്റ്സ്മാനെന്ന നിലയില്‍ റണ്‍സെടുക്കുകയെന്നതാണ് തന്റെ ജോലി. അവസാനമായി കളിച്ച പരമ്പരയില്‍ ഫിഫ്റ്റി നേടാന്‍ തനിക്കായിരുന്നു. കുറച്ചു കാലത്തിനു ശേഷമുള്ള മികച്ച ഇന്നിങ്സ് കൂടിയായിരുന്നു അത്. അന്നത്തെ ഫിഫ്റ്റിക്കു മുമ്പ് നടന്ന കളികളില്‍ 30-40 റണ്‍സിന് താന്‍ പുറത്തായിരുന്നു. ടീമില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന, മികച്ച തുടക്കത്തിലൂടെ വലിയ ഇന്നിങ്സ് കളിക്കാന്‍ സാധിക്കുന്ന താരമാണ് താന്‍. ടീമില്‍ തന്റെ റോളും ഇത് തന്നെയാണെന്നു ധവാന് വ്യക്തമാക്കി.
രാഹുലിന്റെ ബാറ്റിങ് പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായി ധവാന് പറയുന്നു. ശ്രീലങ്കയ്ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ധവാന്റെ ഓപ്പണിങ് പങ്കാളി രാഹുലായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് നിന്ന് രാഹുലിന്റെ ബാറ്റിങ് കണ്ട് താന്‍ മയങ്ങിപ്പോയതായി ധവാന് വെളിപ്പെടുത്തി. രാഹുല്‍ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അവന്റെ ബാറ്റിങ് ക്രീസിന്റെ മറുഭാഗത്തു നിന്ന് ആസ്വദിക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ അവന്റെ പ്രകടനം കണ്ടിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും രാഹുല്‍ ഷോട്ടുകള്‍ പായിക്കുന്നുണ്ടായിരുന്നു. വളരെ മികച്ച പ്രകടനമാണ് അവന് കാഴ്ചവയ്ക്കുന്നതെന്നും ധവാന് കൂട്ടിച്ചേര്‍ത്തു.
നിരവധി ബാറ്റ്സ്മാന്മാര് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ടീമിനെ സംബന്ധിച്ച് നല്ല കാര്യം തന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്. ടീമില്‍ രണ്ടോ, മൂന്നോ ഓപ്പണര്‍മാര്‍ വേണമോയെന്ന കാര്യത്തില്‍ അവരാണണ് തീരുമാനം എടുക്കേണ്ടത്. കഠിനാധ്വാനം ചെയ്ത് കഴിവിന്റെ 100 ശതമാനവും പുറത്തെടുക്കുകയെന്നതാണ് തന്റെ ജോലി. അതില്‍ കൂടുതലൊന്നുമില്ലെന്നും ധവാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: