പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ പതിനാലു ദിവസം ക്വാറന്റൈനില്‍ പോവണമെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വിവാദത്തില്‍. വാളയാറില്‍ നിന്നും മാധ്യമങ്ങളെയും പൊതുപ്രവര്‍ത്തകരെയും നീക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തം.
മെയ് ഒമ്പതിന് സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് വാളയാറില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്ത ഇടതുസര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ വാളയാറിലെത്തി പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെ ചെന്നൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീഴുകയും അയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചു.
ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും സിപിമ്മിന്റെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായി. അവിടെയുണ്ടായിരുന്ന ജനപ്രതിനിധികള്‍ സമൂഹവ്യാപനത്തിന് വഴിയൊരുക്കുകയാണെന്ന് പറഞ്ഞു പരത്തി. എന്നാല്‍, മലയാളികളെ തടഞ്ഞുവച്ചത് സര്‍ക്കാരിനും, സിപിഎമ്മിനും തിരിച്ചടിയായി. വാളയാറില്‍ കുടുങ്ങിയവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ പ്രതിഷേധിച്ചതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെയാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ഉത്തരവ്.
സിപിഎം ജില്ലാ കമ്മറ്റി തീരുമാനപ്രകാരമാണ് ഉത്തരവിറങ്ങിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ തര്‍ക്കം നടക്കുന്നതിനിടെ വന്ന ഉത്തരവ് സിപിഎം ഏറ്റുപിടിച്ചിരിക്കുകയാണ്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍മാരും, ഡിഎസ്ഒ, ഫിസീഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പ്രാഥമിക സമ്പര്‍ക്ക പട്ടിക െ്രെപമറി ഹൈ റിസ്ക് കോണ്ടാക്ട്, െ്രെപമറി ലോറിസ്ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ഉത്തരവ്. വാളയാറില്‍ നിന്നും കുഴഞ്ഞുവീണ രോഗിയെ എടുത്തുകൊണ്ടുപോയ പോലീസുകാര്‍ ഹൈ റിസ്ക് കോണ്ടാക്ടിലാണ്.
ഇയാളെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരും പ്രൈമറി ഹൈ റിസ്ക് കോണ്ടാക്ടില് ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്. പതിനാലു ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. അന്നേദിവസം പാസില്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് പോവുകയും ചെയ്ത 139 പേര്, മേല്‍ പറഞ്ഞ ഹൈ റിസ്ക് വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍,പൊതു ജനങ്ങള്‍ എന്നിവര്‍ ലോ റിസ്ക് െ്രെപമറി കോണ്ടാക്ടില് ഉള്‍പ്പെടും. വാളയാര്‍ സംഭവങ്ങള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചു. ഇപ്പോള്‍ രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: