ന്യൂദല്‍ഹി: ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എം.എം. ശാന്തനാഗൗഡറുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ ഇലക്ഷന് കമ്മിഷനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന് റാത്തോഡിനും കോടതി നോട്ടീസ് അയച്ചു.
ധോല്‍ക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ഭൂപേന്ദ്രസിങ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ധോല്‍ക്ക നിയോജക മണ്ഡലത്തില്‍ നിന്ന് ഭൂപേന്ദ്രസിങ്ങിനോട് 327 വോട്ടിന് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് അശ്വിന് റാത്തോഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതായി ജസ്റ്റിസ് പരേഷ് ഉപാധ്യായ വിധി പ്രസ്താവിച്ചത്.
429 പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിങ് ഓഫീസര്‍ ധവല്‍ ജാനി നിയമവിരുദ്ധമായി നിരസിച്ചെന്നും ഇ.വി.എമ്മുകളിലെ 29 വോട്ടുകള്‍ ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. നിലവില്‍ ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാര്‍ലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ. കേസില്‍ ചുദാസാമയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയും എന്‍.കെ. കൗളും റാത്തോഡിനു വേണ്ടി കപില്‍ സിബലും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: