മൂന്നാര്‍: സംസ്ഥാനം കോവിഡ് പ്രതിരോധത്തില്‍ പോരാടുമ്പോഴും സ്വന്തം വീട്ടില്‍ അനധികൃത നിര്‍മാണവുമായി ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്. അനുമതിയില്ലാതെ വീടിന്റെ രണ്ടാംനില നിര്‍മിക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ രാജേന്ദ്രന് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയതായി ദേവികുളം സബ്കളക്റ്റര്‍ പ്രേം കൃഷ്ണന് അറിയിച്ചു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രന് വീട് നിര്‍മിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ വീടിന് മുകളില്‍ ഷീറ്റ് മേയാനാണ് നിര്‍മ്മാണമെന്നുമാണ് എംഎല്‍എയുടെ വിശദീകരണം.
വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേവികുളം സബ്കളക്ടര്‍ മൂന്നാര്‍ വില്ലേജ് ഓഫീസറെ നിയോഗിച്ചു. മൂന്നാര്‍ ഇക്കാ നഗറിലാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീട്. ഈ വീടിന് മുകളില്‍ രണ്ടാം നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മൂന്നാറില്‍ എന്ത് നിര്‍മാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. സമാന രീതിയില്‍ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു. ടൗണിന്റെ ഹൃദയഭാഗത്താണ് എംഎല്‍എയുടെ വീട്. ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്നത് വിശ്വസിക്കില്ലെന്നും അധികൃതരുടെ ഒത്താശയോടെയാണു നിര്‍മാണമെന്നും അവര്‍ ആരോപിച്ചു. എസ്. രാജേന്ദ്രനെതിരേ മുന്‍പ് നിരവധി ഭൂമി കൈയേറ്റ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: