മുംബൈ: മാര്‍ച്ച് 9നാണ് മഹാരാഷ്ട്രയില്‍ ആദ്യമായി കൊറോണ കണ്ടെത്തിയത്. ഏപ്രില്‍ 7ന്, അതായത് നാലാഴ്ച പിന്നിട്ടപ്പോഴേക്കും, അവിടെ രോഗികളുടെ എണ്ണം ആയിരം കടന്ന് 1018ല്‍ എത്തി. അന്ന് അവിടുത്തെ മരണം 64, മരണ നിരക്ക് 6.29 ശതമാനം, ദേശീയ ശരാശരിയുടെ (3.02) ഇരട്ടിയേക്കാള്‍ കൂടുതല്‍.
വീണ്ടും ഒരു മാസം കഴിഞ്ഞ് മെയ് 7 ആയപ്പോഴേക്കും മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 17,974. മരണം 694. അടുത്ത ആറു ദിവസം കഴിഞ്ഞപ്പോഴേക്കും മരണം 975, രോഗികളുടെ എണ്ണം 25,922. ആറു ദിവസം കൊണ്ട് രോഗികളുടെ എണ്ണം എണ്ണായിരത്തിലേറെ കൂടി, രോഗമുക്തി നേടിയവര്‍ 5547 ആണ്. അതായത് രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും എണ്ണം കുത്തനെ കൂടുകയായിരുന്നു. ഇതിന് വിശദീകരണം നല്കാന് വിദഗ്ധര്‍ പാടുപെടുകയാണ്.
രോഗം കൂടാന്‍ കാരണം അശ്രദ്ധ
മഹാരാഷ്ട്രയില്‍ മാത്രം ഇങ്ങനെ രോഗം കൂടാന്‍ കാരണമായത് അശ്രദ്ധ. ജനുവരിയിലും ഫെബ്രുവരിയിലും ധാരാളം പേര് യുഎഇയില്‍ നിന്ന് മടങ്ങിവന്നിരുന്നു. അവരാണ് രോഗം പടര്‍ത്തിയത്. ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. അവിനാശ് ഭോണ്ഡ്വെ ചൂണ്ടിക്കാട്ടി.
യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ ആളിലാണ് ആദ്യം രോഗം കണ്ടതെങ്കിലും യുഎഇയില്‍ നിന്നുള്ളവരെ സ്ക്രീന്‍ ചെയ്യാന്‍ പത്തു ദിവസമാണ് സര്‍ക്കാര്‍ താമസിച്ചത്. ഇതാണ് കുഴപ്പമായത്. അദ്ദേഹം പറയുന്നു. സ്ക്രീനിങ് തുടങ്ങും മുന്‍പേ 42000 പേരാണ് വിദേശങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തിയത്.
മരണം കുറയുന്നു
രണ്ടു മാസത്തിനു ശേഷം മരണം കുറഞ്ഞുതുടങ്ങിയെന്നാണ് സൂചന. നിരക്ക് ഏപ്രില്‍ 7ലെ 6.29 ശതമാനത്തില്‍ നിന്ന് 3.76 ആയി. മെയ് 13 ബുധനാഴ്ചയാണ് മരണ നിരക്ക് 3.76 ശതമാനമായി കുറഞ്ഞത്. എങ്കിലും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ തന്നെ. മഹാരാഷ്ട്രയെ മാറ്റി നിര്‍ത്തിയാല്‍ മരണം 1477 മാത്രം. രോഗികളുടെ എണ്ണം 49,912ഉം. അങ്ങനെയെങ്കില്‍ മരണ നിരക്ക് 2.96 ശതമാനം മാത്രം. ആഗോള മരണ നിരക്ക് 6.72 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: