കോഴിക്കോട്: കേരളം അതിജീവനത്തിനായി പ്രഖ്യാപിച്ച ഇരുപതിനായിരം കോടി രൂപയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തി കരാറുകാരുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കും എന്ന ധനകാര്യവകുപ്പ് മന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കായെന്ന് ഗവ. കരാറുകാര്‍. ബാങ്കുകളില്‍ നിന്നും മറ്റുധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍ പലിശക്ക് വായ്പയെടുത്ത കരാറുകാര്‍ മൊറട്ടോറിയം തീരുന്നതോടെ ജപ്തി ഭീഷണി നേരിടേണ്ടിവരും.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഡെപ്പോസിറ്റ് ചെയ്ത തുക ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍ പോലും ഒക്ടോബര്‍ മാസത്തിനുശേഷം നല്‍കിയിട്ടില്ല. എംഎല്‍എ ആസ്തി വികസനഫണ്ടുകള്‍, അഞ്ചുലക്ഷത്തിനു മുകളിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ എന്നിവ ട്രഷറികളില്‍ കെട്ടികിടക്കുകയാണ്.
ഫൈനാന്‍സുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളില്‍ പലപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. നിലവില്‍ നിര്‍മ്മാണ സാമഗ്രികളുടെ വില ക്രമാതീതമായി വര്‍ദ്ദിച്ചിരിക്കുകയാണ്. സിമന്റിന് 30% വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. അതുപോലെ മറ്റു നിര്‍മ്മാണ വസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കരാര്‍ മേഖല വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്ന ഗവ. കരാറുകാരെ കോവിഡ് കാലത്ത് സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണ്. അതുകൊണ്ട് ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ആള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: