പോലൂര്: ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും പോലെ തന്നെ കോവിഡ് കാലത്ത് തങ്ങളുടെ ജോലിക്കപ്പുറത്ത് സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് റേഷന്‍ ഷാപ്പ് ഉടമകളും ജീവനക്കാരും. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുകയാണിവര്‍. അനുമോദനങ്ങള്‍ പ്രതീക്ഷിക്കാതെ തങ്ങളുടെ കടമയാണെന്ന് കരുതിയാണ് ഇവരുടെ പ്രവര്‍ത്തനം.
കുരുവട്ടൂര്‍ പയമ്പ്രയില്‍ റേഷന്‍ കട നടത്തുന്ന കായക്കല്‍ സിജീഷ് ഇവരില്‍ ഒരാള്‍ മാത്രമാണ്. അച്ഛന് കായക്കല്‍ കൃഷ്ണന്‍കുട്ടിയുടെ കാലശേഷം കടയുടെ ചുമതല സന്തോഷത്തോടെ ഏറ്റെടുത്തു നടത്തുകയാണ് സിജീഷ്. പയമ്പ്ര, പോലൂര്, പുറ്റുമണ്ണില്‍ താഴം എന്നീ പ്രദേശങ്ങളില്‍ ഉള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നത്. ഒരു റോഡ്അപകടത്തില്‍ പരിക്കേറ്റതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ സിജീഷ് കടയിലുണ്ടാകും. അച്ഛന്റെ സുഹൃത്തായ ശ്രീധരന്റെ സഹായത്തോടെയാണ് കടയിലെ പ്രവര്‍ത്തനം.
നമ്പര്‍ അടിസ്ഥാനത്തില്‍ ആണ് റേഷന്‍ വിതരണം എങ്കിലും ചില സമയത്തെ തിരക്കില്‍ ഒരു ക്രമാസമാധാനപാലകന്റെ കടമ കൂടി ഏറ്റെടുത്ത് സാമൂഹിക അകലത്തില്‍ ജനങ്ങളെ നിയന്ത്രിക്കുന്ന സിജീഷ് രേഖകളില്‍ എആര്‍ഡി 88 ആണ്. ആയിരത്തോളം കാര്‍ഡുകളാണ് ഈ റേഷന്‍ കടയില്‍ കൈകാര്യം ചെയ്യുന്നത്.
കൊറോണ കാലത്ത് കൂടുതലായി അനുവദിച്ച അരിയും ധാന്യങ്ങളും പല വ്യഞ്ജനകിറ്റുകളും സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലവും ഇദ്ദേഹത്തിന് അന്വേഷിക്കേണ്ടിവന്നു. ഓരോ മാസവും 20-ാം തിയ്യതിക്ക് മുമ്പ് സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ വാങ്ങണമെന്ന ഒരു അപേക്ഷ മാത്രമാണ് സിജീഷിനുള്ളത്. റേഷനിംഗ് ഓഫീസര്‍മാരുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും പ്രഖ്യാപനങ്ങള്‍ക്ക് അനുസരിച്ച് സാധനങ്ങള്‍ എത്താത്തതും ഉപഭോക്താക്കളുമായുള്ള വാക്ക്തര്‍ക്കത്തിന് കാരണമാകാറുണ്ട്. ഇതു തങ്ങളെ പോലുള്ളവര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും സിജീഷ് തുറന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: