വടകര: മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ കുടുങ്ങിയ 39 ഓളം മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര മുതല്‍ കേരളം വരെയുള്ള യാത്രക്ക് താങ്ങായി യുവമോര്‍ച്ച. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ നന്ദകുമാറിനെ മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്താനുള്ള സഹായം ആവശ്യപ്പെട്ടു വിളിക്കുകയായിരുന്നു.
നന്ദകുമാര്‍ ഈ വിഷയം സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണനെയും അദ്ദേഹം യുവമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ് ആന്റണിയെയും വിവരം അറിയിച്ചു. അനൂപ് ആന്റണി ഇടപെടുകയും അവര്‍ക്ക് വേണ്ട ഭക്ഷണവും മാസ്ക്കുകളും അവിടെ എത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കാസര്‍കോഡ് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയ സംഘത്തിന് യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ധനഞ്ജയന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണവും രാത്രി വടകരയില്‍ ഭക്ഷണവും നല്കി കൊല്ലത്തേക്ക് യാത്രയാക്കി. യാത്രയിലുടനീളം ഭക്ഷണവും വെള്ളവും നല്കി സഹായിച്ച യുവമോര്‍ച്ചക്കു നന്ദി പറഞ്ഞ ഇവര്‍ മൂന്നു ലക്ഷത്തോളം രൂപ വാഹനത്തിനു നല്‍കിയാണ് നാട്ടില്‍ എത്തിയത്.
ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടത് അല്ലെന്നും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കു ഉദാഹരണമാണിതെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. ശ്രമിക് ട്രെയിനുകളും കെഎസ്ആര്‍ടിസി ബസ്സുകളും ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നിട്ടും സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്ക് ഇരയാകേണ്ടിവരുന്നത് ഇതര നാടുകളിലെ മലയാളി സമൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: