തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിലൂടെ ശാക്തീകരണം എന്ന ആശയ പ്രചരണത്തിന്റെ ഭാഗമായി ആര് എസ് എസ് നല്കിയ ആഹ്വാനം ഏറ്റെടുത്ത് ലക്ഷങ്ങള്‍ തുളസിതൈ നട്ടു. വീട്ടുമുറ്റം, ക്ഷേത്രാങ്കണം, പൊതു സ്ഥലം എന്നിവിടങ്ങളിലെല്ലാം പവിത്ര ചെടിയായി തുളസി നട്ടു. പ്രമുഖ നേതാക്കള്‍ തുടങ്ങി കൊച്ചുകുട്ടികള്‍ വരെ ഭാഗവാക്കായി.
ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ കര്‍ഷകദിനമായ ഓഗസ്റ്റ് 17 വരെ ഒരുകോടി ഫലവൃക്ഷ/ പച്ചക്കറി തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അതിന്റെ മുന്നൊരുക്കം എന്ന നിലയിലാണ് ഇടവം ഒന്നാം തീയതിയിലെ തുളസി നടീല്‍
കേരളമൊട്ടാകെ ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കാളികളാക്കുന്ന പ്രകൃതി സംരക്ഷണ ദൗത്യവുമാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുക.പരിസ്ഥിതി ദിനത്തില്‍ പ്രമുഖ വ്യക്തികളെ സംഘടിപ്പിച്ച് വൃക്ഷത്തൈ നടും. മാതൃസമിതിയുടെ നേതൃത്വത്തില്‍ അടുക്കള തോട്ടങ്ങള്‍ സജ്ജീകരിക്കും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നാടിനായി ഒരു തൈ സമര്‍പ്പിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും തൈകള്‍ സജ്ജീകരിക്കും. ഓഗസ്റ്റ് 17ന് കേരളത്തിലങ്ങോളമിങ്ങോളം കര്‍ഷകരെ ആദരിക്കും.
തുളസി മാഹാത്മ്യം
ഹൈന്ദവ സംസ്കാരത്തില്‍ തുളസിക്ക് പ്രമുഖ സ്ഥാനം ഉണ്ട്. എല്ലാ ഹൈന്ദവ ഭവനങ്ങളിലും, ക്ഷേത്രങ്ങളിലും സുലഭമായി കാണപ്പെടുന്ന സസ്യമാണ് തുളസി. മറ്റെല്ലാ സസ്യങ്ങളും ഓക്സിജന്‍ പുറത്തുവിടുമ്പോള്‍, തുളസി ഓസോണാണ് പുറത്തു വിടുന്നത്. സംസ്കൃതത്തില്‍ തുളസി എന്ന വാക്കിന് സാമ്യമില്ലാത്തത് (തുലനമില്ലാത്തത്) പകരം വെക്കാന്‍ ഇല്ലാത്തത് എന്നാണ് അര്‍ത്ഥം. ഹിന്ദി,തമിഴ് ഭാഷകളിലും തുളസി എന്നാണ് പറയപ്പെടുന്നത്.
ആരാധനയാല്‍ പവിത്രീകരിക്കപ്പെട്ട ചെടിയാണ് തുളസി. ലക്ഷ്മിദേവിയുടെ അവതാരമായി തുളസിച്ചെടിയെ കണക്കാക്കപ്പെടുന്നു. ഇല, പൂവ്, കായ്, തൊലി, തണ്ട്, വേര് തുടങ്ങിയ തുളസിയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതും പവിത്രവുമാണ്. തുളസി നില്ക്കുന്ന മണ്ണും ചുറ്റുപാടും പവിത്രമായി കരുതുന്നു. തുളസി മാഹാത്മ്യം പത്മപുരാണത്തിലെ 24-ാം അധ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. തുളസിയുടെ വിറകിനാല്‍ ദഹിപ്പിക്കുവാന്‍ സാധിച്ചാല്‍ ആത്മാവിന് വിഷ്ണുലോകത്തില്‍ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. തുളസി സാന്നിധ്യം മോക്ഷദായകമായി കരുതുന്നു.
തുളസിയുടെ തടി മറ്റു തടികളുമായി ഇടകലര്ത്തിയിട്ടാല് അവയും പരിശുദ്ധമാകുമെന്നാണ് വിശ്വാസം. തുളസിയില അരച്ച് സ്വദേഹത്തില്‍ പൂശി വിഷ്ണുവിനെ പൂജിച്ചവന് ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടെയും നൂറ് പശുക്കളെ ദാനം ചെയ്യുന്നതിന്റെയും പുണ്യം ലഭിക്കും. തുളസിച്ചെടിയുടെ ചുവട്ടില്‍ വെള്ളമൊഴിച്ചതിനുശേഷം തുളസിയില ശേഖരിച്ച് അതിനെ മനഃശുദ്ധിയോടെ പ്രദക്ഷിണം ചെയ്താല്‍ സര്‍വ്വപാപങ്ങളും തീരുമെന്നാണ് വിശ്വാസം.ഉണങ്ങിയ തുളസി കമ്പു കൊണ്ട് വിളക്ക് കത്തിച്ചാല്‍ ലക്ഷം ദീപ സമര്‍പ്പണത്തിന്റെ ഗുണമാണെന്നു ശാസ്ത്രം, കൂടാതെ ചിതയില്‍ തുളസിക്കമ്പ് കത്തിച്ചാല്‍ ആ ആത്മാവിന് വിഷ്ണു ലോകത്ത് പ്രത്യേക സ്ഥാനം ലഭിക്കും എന്ന് വിശ്വസിച്ചുവരുന്നു
വീടിനു മുമ്പില്‍ തുളസിത്തറയില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിരക്ഷിയ്ക്കുന്നതും ശ്രേയസ്ക്കരമാണ്. തുളസിത്തറയില്‍ വിളക്ക് കത്തിക്കുകയും ദിവസവും തുളസിക്ക് വെള്ളമൊഴിക്കുകയും ചെയ്യുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ആരാധനയുടെ പേരില്‍ ധാരാളം ചടങ്ങുകളും വിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ രൂഢമൂലമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ആരാധന മനുഷ്യന്റെയും പ്രകൃതിയുടെയും രക്ഷക്കായുള്ളതാണ്. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പ്രദാനം ചെയ്യുന്ന ചെടിയാണ് തുളസി. ചുമ, കഫം എന്നിവക്ക് തുളസി ഉത്തമമായ ഒരു ഔഷധമാണ്. പല തരത്തിലുള്ള ചെറുപ്രാണികളുടെ വിഷത്തിന് പരിഹാരമാണ് തുളസിയില നീര്. മലേറിയ രോഗത്തെ തുളസി പ്രതിരോധിക്കുന്നു. ജലദോഷത്തിനും ആമാശയ തകരാറുകള്‍ക്കും തുളസിച്ചെടി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. നാലു തരത്തിലുള്ള തുളസി സര്‍വ്വസാധാരണമായി കാണപ്പെടുന്നു. അതില്‍ കൃഷ്ണതുളസിയാണ് ഉത്തമമായിട്ടുള്ളത്. തുളസി ഒരു ആന്റിസെഫ്റ്റിക് ഔഷധമാണ്. തുളസിച്ചെടി നില്ക്കുന്ന സ്ഥലത്തെ വായു വളരെ പരിശുദ്ധമായിരിക്കും. തുളസിയില ഇട്ട വെള്ളം ഒരു ഉത്തമ പാനീയമാണ്.
തുളസിയില നീര് പാമ്പ് വിഷത്തിന് കണ്കണ്ടഔഷധമാണ്. വിഷമുള്ള ജന്തുക്കള്‍ കടിച്ചാലുടന്‍ തുളസിനീര് കുടിക്കുകയും ഇല ഞെരടി പുരട്ടുകയും ചെയ്യുന്നത് ഉത്തമമാണ്. ഇടിയും മിന്നലും മൂലമുണ്ടാകുന്ന ബോധക്ഷയത്തിന് തുളസിനീരെടുത്ത് ശരീരത്തില്‍ പുരട്ടിയാല്‍ ക്ഷീണം മാറും. രക്തദൂഷ്യത്തിനും കുഷ്ഠരോഗലക്ഷണമുള്ളവര്‍ക്കും തുളസിയില അഞ്ചോ ആറോ എണ്ണം ദിവസേന ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ വിഷമാവസ്ഥകള്‍ മാറുകയും രോഗം വര്ധിക്കാതിരിക്കുകയും ചെയ്യും. തുളസിയിലയും നീരും കൊതുകിനെ അകറ്റുവാനും ഉപയോഗിക്കാം.
തുളസി തീര്ത്ഥത്തിന് ഔഷധ ഗുണമുണ്ടെന്ന് ആധുനിക ശാസ്ത്രങ്ങളും സമ്മതിച്ചു കഴിഞ്ഞതാണ്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര് രൂപം നല്കിയ ‘ക്ലസ്റ്റേര്‍ഡ് വാട്ടര്‍’.രണ്ട് തുള്ളി ഒരു ഗ്ലാസ്സ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് കുടിക്കുന്നത്. ഇത് ആരോഗ്യ രക്ഷയ്ക്ക് ഉത്തമമാണെന്നു തെളിഞ്ഞിട്ടുണ്ട്. തുളസി തീര്ത്ഥത്തിന് ക്ലസ്റ്റേര്‍ഡ് വാട്ടറിനു തുല്യമായ പരിശുദ്ധി ഉണ്ടെന്നാണ് പരീക്ഷണ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: