ന്യൂദല്‍ഹി: അസംഘടിത മേഖലയിലടക്കം എല്ലാ തൊഴിലാളികളെയും മിനിമം വേതന അവകാശത്തില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിക്കുന്നു. ഇന്നലെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ പ്രഖ്യാപനങ്ങള്‍ക്കിടെയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് ഇക്കാര്യം അറിയിച്ചത്. ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) കാലങ്ങളായി കേന്ദ്രസര്‍ക്കാരുകള്‍ക്കു മുന്നില്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്.
നിലവില്‍ രാജ്യത്തെ തൊഴിലാളികളുടെ 30 ശതമാനം പേര് മാത്രമാണ് മിനിമം വേതന സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. അസംഘടിത മേഖലയെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം പരിഷ്ക്കരിക്കുന്നതോടെ മുഴുവന്‍ തൊഴിലാളി സമൂഹത്തിനും സുരക്ഷിതത്വം നല്‍കുകയാണ് കേന്ദ്രം. ഇനി മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം തൊഴിലുടമ നല്‍കണം.
മിനിമം വേതനത്തില്‍ പ്രാദേശിക വ്യത്യാസങ്ങള്‍ കുറയ്ക്കുന്നതിനായി നാഷണല്‍ ഫ്ളോര്‍ വേജ് എന്ന സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മിനിമം വേതനം നിശ്ചയിക്കുന്നത് ലളിതവല്‍ക്കരിച്ചു. എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നിര്‍ബന്ധമാക്കി. ഇതുവഴി തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പുവരുത്താനാവും. എല്ലാ തൊഴിലാളികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന നടപ്പാക്കും. അപകടകരമായ മേഖലകളില്‍ ജോലിയെടുക്കുന്ന, പത്തുപേരില്‍ താഴെയുള്ള തൊഴില്‍ മേഖലയിലും സുരക്ഷയും ആരോഗ്യസംരക്ഷണവും നിര്‍ബന്ധമാക്കി.
അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നിര്‍വചിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തൊഴിലുടമയ്ക്ക് നേരേ കീഴില്‍ ജോലി ചെയ്യുന്നവര്‍, സ്വന്തം നിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിക്കെത്തിയവര്‍, കരാറുകാരന് കീഴില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ തിരിച്ചു. ക്ഷേമ പദ്ധതികള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും നടപ്പാക്കും. എല്ലാ ജില്ലകളിലെയും പത്തോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സംരംഭങ്ങളിലും ഇഎസ്ഐ നിര്‍ബന്ധം. പത്തില്‍ താഴെയുള്ളിടത്തും സ്വയം ഇഎസ്ഐ അംഗത്വം. ദുര്‍ഘടമേഖലയിലെ ജോലിയിടങ്ങളില്‍ പത്തില്‍ താഴെ തൊഴിലാളികളാണെങ്കിലും ഇഎസ്ഐ നിര്‍ബന്ധം.
ഗിജ് വര്‍ക്കേഴ്സിനും പ്ലാറ്റ്ഫോം വര്‍ക്കേഴ്സിനും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും. തൊഴിലാളികള്‍ക്കായി നൈപുണ്യ വികസന ഫണ്ട്. എല്ലാ തൊഴില്‍ മേഖലകളും സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തു. സുരക്ഷാ സംവിധാനങ്ങളൊരുക്കി രാത്രിയിലും ജോലി ചെയ്യാം. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി സാമൂഹ്യ സുരക്ഷാ ഫണ്ട്. അഞ്ചുവര്‍ഷം ജോലി ചെയ്തവര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കണമെന്നത് ഒരുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും നല്‍കണമെന്നും പുതിയ തൊഴില്‍ ചട്ടം വ്യവസ്ഥ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: