കരിമണ്ണൂര്‍: സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാതിരുന്ന കള്ള് ഷാപ്പിന് മുന്നില്‍ പ്രതിഷേധിച്ച ബിഎംഎസ് യൂണിയനിലെ തൊഴിലാളികള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു. ഭരണാനുകൂല കക്ഷികളും സംഘടനകളും പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് എസ്പി.
കഴിഞ്ഞ 13ന് സംസ്ഥാനത്തെ എല്ലാ കള്ള് ഷാപ്പുകളും തുറക്കുമെന്നും ആവശ്യക്കാര്‍ക്ക് കള്ള് പാഴ്സലായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ട് മാസത്തോളമായി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ പ്രതീക്ഷയോടെ കള്ളുമായി ഷാപ്പില് എത്തിയപ്പോഴാണ് ഷാപ്പ് തുറക്കുന്നില്ലായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ഷാപ്പിന് സമീപം കള്ള് മറിച്ചു കളഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധിച്ച 4 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്പിയുടെ നിര്‍ദേശപ്രകാരം കരിമണ്ണൂര്‍ പോലീസാണ് കേസെടുത്തത്. പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള പോലീസ് നടപടി പക്ഷപാതപരമാണെന്ന് ഇതോടെ വ്യക്തമാകുന്നത്. അടുത്ത ദിവസങ്ങളില്‍ ഭരണകക്ഷിയില്‍പെട്ടവരും, പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരും നിരവധി സമരങ്ങളാണ് നടത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരെയൊന്നും കേസെടുക്കാത്ത പോലീസ് ചില സംഘടനകള്‍ മാത്രം നടത്തുന്ന പ്രതീകാത്മക സമരങ്ങളെ തെരഞ്ഞ് പിടിച്ച് കണ്ടെത്തി കേസെടുക്കുകയാണ്. മൂലമറ്റത്ത് ഒറ്റയാള്‍ സമരം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത നടപടി ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതീകാത്മകമായി നടത്തുന്ന സമരങ്ങളോട് പക്ഷപാതപരമായി ഇടപെടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും, പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: