ബദിയടുക്ക: ലോക്ക് ഡൗണില്‍ കുടുങ്ങി അതിഥി തൊഴിലാളികള്‍. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള 126 തൊഴിലാളികള്‍ ദുരിത ജീവിതവുമായാണ് ഇവിടെ കഴിയുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് ജോലിയില്ലാതായി. ജോലി ചെയ്താല്‍ മാത്രമെ ഇവര്‍ക്ക് വേതനവും ലഭിക്കുകയുള്ളു. ജോലിയില്ലാതെ ആയതോടെ വരുമാനവും നിലച്ചു.
കൈയ്യിലുണ്ടായിരുന്ന പണം മുടക്കി അവശ്യ സാധനങ്ങള്‍ വാങ്ങി പാചകം ചെയ്ത് കഴിച്ചിരുന്ന തൊഴിലാളികളുടെ ജീവിതം പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
സ്വന്തം നാട്ടിലേക്കെത്താന്‍ സ്വരൂപിച്ചുവെച്ച പണം അവശ്യ സാധനങ്ങളും മറ്റും വാങ്ങി ചിലവഴിച്ചാല്‍ എങ്ങനെ നാട്ടിലെത്തുമെന്നത് ഇവരുടെ മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുന്നു. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കരാര്‍ ഏറ്റെടുത്ത യു.പി. ആസ്ഥാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്.ആര്. തുളസി കമ്പനിയുടെ കീഴില്‍ ബീഹാറില്‍ നിന്നും 56 ഉം പശ്ചിമ ബംഗാളില്‍ നിന്നും 58 ഉം ഒഡീസയില്‍ നിന്നും 12 ഉം പേരടങ്ങുന്ന സംഘമാണ് ചുട്ടുപൊള്ളുന്ന മെഡിക്കല്‍ നിര്‍മ്മാണ സ്ഥലത്ത് വേനല്‍ ചൂടില്‍ തകര ഷീറ്റ് പാകിയ ഷെഡ്ഡിനുള്ളില്‍ കഴിയുന്നത്.
സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. ഇവര്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സൂപ്പര്‍ വൈസര്‍ കഴിഞ്ഞ ദിവസം പാസ് വാങ്ങി നാട്ടിലേക്ക് തിരിച്ചു. ഇതോടെ ഇവര്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ഒരു അപേക്ഷ മാത്രമെ ഇവര്‍ക്കുള്ളു,
പാസ് നല്കി സ്വന്തം നാടുകളിലേക്ക് ഇവരെ തിരിച്ചയക്കുവാനുള്ള സംവിധാനം സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടാവണം. അതേസമയം മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നുമെത്തിയ 35 അംഗസംഘം കഴിഞ്ഞ ദിവസം പാസ് വാങ്ങി ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുപോയതായി ഇവര്‍ പറയുന്നു. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ദിവസവും പറയുമ്പോഴാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായെത്തിയ ഇവര്‍ ദുരിതം പേറി ദിവസം തള്ളി നീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: