നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ 39 വയസുകാരനായ ബേക്കറി ഉടമക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 12-ാം വാര്‍ഡായ ചേറ്റുകുഴി ചാലക്കുടിമേട് സ്വദേശിയ്ക്കാണ് രോഗം കണ്ടെത്തിയത്.
രോഗ ബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ളവരില്‍ വ്യാപകമായി നടത്തുന്ന സെന്റിനല്‍ സര്‍വയലന്‍സ് പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വണ്ടന്മേട് പഞ്ചായത്തിലെ പുറ്റടിയില്‍ ഇയാള്‍ ബേക്കറിയും ബോര്‍മയും നടത്തി വരികയായിരുന്നു. ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ വൈറസ് ബാധ കണ്ടെത്തിയ ഇന്നലെയും ഇയാള്‍ ബേക്കറിയിലെത്തിയിരുന്നു. 2.30യോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ബേക്കറി അടപ്പിച്ചത്.
ബേക്കറിയില്‍ പാല് വാങ്ങുന്നതിനും മറ്റും നിരവധിപേര്‍ എത്തിയിരുന്നു. കടയില്‍ തമിഴ്നാട് സ്വദേശികള്‍ എത്തിയിരുന്നതായി വിവരമുണ്ട്. മുന്‍പ് രോഗം സ്ഥിരീകരിച്ച വണ്ടന്മേട്, കരുണാപുരം പഞ്ചായത്തുകളിലെ രോഗ ബാധിതരുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നില്ല.
എങ്കിലും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തി വരികയാണ്. സമ്പര്‍ക്ക പട്ടിക 1000 പേര്‍ക്ക് മുകളില്‍ വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയെയും, 2 മക്കളെയും വീട്ടില്‍ നിരീക്ഷണത്തിലാക്കി. വണ്ടന്മേട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കടക്കം ഇവിടെ നിന്നാണ് ഉദ്യോഗസ്ഥരെത്തി പാല് വാങ്ങിയിരുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തിരക്കുള്ള കടകളിലെ ഉടമകള്‍, ജീവനക്കാര്‍ എന്നിവരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഗൃഹനാഥന്റെ പരിശോധന ഫലം പോസീറ്റിവായത്. മൂന്ന് ദിവസം മുമ്പായിരുന്നു സ്രവം ശേഖരിച്ചത്. രാത്രി വൈകി ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് 15ന് ആണ് ഇടുക്കിയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് 10 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ രോഗം കണ്ടെത്തി. ഇവരെല്ലാം ഏപ്രില്‍ പാതിയോടെ ആശുപത്രി വിടുകയും ചെയ്തു. ഏപ്രില്‍ 23ന് ആണ് ഇടുക്കിയില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 23, 26, 27 തിയതികളിലായി പാലക്കാട് കാരനടക്കം 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ പാലക്കാട് കാരന്റെ കണക്ക് ഇടുക്കിയില്‍ രേഖപ്പെടുത്തിയിട്ടില്ല. പിന്നീട് ഈ മാസം 9ന് അവസാന രോഗിയും ആശുപത്രി വിട്ടിരുന്നു. പിന്നാലെയാണ് പുതിയ കേസ് വരുന്നത്.
രോഗം വന്നത് ലോറി ഡ്രൈവര്‍മാരില്‍ നിന്നാകാം
പുറ്റടിയില്‍ കൊറോണ രോഗബാധിതനായി കണ്ടെത്തിയ കരുണാപുരം ചാലക്കുടിമേട് സ്വദേശിക്ക് രോഗം പകര്‍ന്നത് തമിഴ്നാട്ടില്‍ നിന്നും ചരക്കുമായെത്തി ലോറി ഡ്രൈവര്‍ മാരില്‍ നിന്നുമാകാമെന്നാണ് നിഗമനം. പുറ്റടി ടൗണിലുള്ള സ്ഥാപനത്തില്‍ ദിവസവും നിരവധി പേര് വന്ന് പോയിരുന്നതിനാല്‍ നിരവധി പേരെ നിരിക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും.
സ്ഥാപനത്തിന് സമീപമുള്ള കടയിലേക്ക് തമിഴ്നാട്ടില്‍ നിന്നും സ്ഥിരമായി കോഴിയെ കൊണ്ടുവരാറുണ്ടായിരുന്നു. കോഴിയുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കടയില്‍ കയറാറുണ്ടായിരുന്നോയെന്നതും അന്വേഷിക്കും. കഴിഞ്ഞ മാസം പുറ്റടി സ്വദേശിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരികരിച്ചിരിരുന്നു. അന്ന് നൂറ്റിഅന്‍പതോളം പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
ജില്ലയില്‍ ഹോട്ട്സ്പോട്ടുകളില്ല
ഇടുക്കി ജില്ലയില്‍ ഇനി ഹോട്ട്സ്പോട്ടുകളില്ല. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്ത് വിട്ട പത്രക്കുറിപ്പിലാണ് ഹോട്ട്സ്പോട്ടുകള്‍ ഒഴിവാക്കിയ കാര്യം വ്യക്തമാക്കിയത്. ഏലപ്പാറ, വണ്ടന്മേട്, ശാന്തന്‍പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഹോട്ട്സ്പോട്ടുകളായിരുന്ന വിവിധ വാര്‍ഡുകളെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. അതേ സമയം ഈ പഞ്ചായത്തുകളില്‍ ഓറഞ്ച് സോണുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ ബാധകമായിരിക്കും. എന്നാല്‍ കരുണാപുരം പഞ്ചായത്തില്‍ ബേക്കറി ഉടമയ്ക്ക് വൈറസ് ബാധ കണ്ടെത്തിയതോടെ ഇവിടേയും ഇയാളുടെ കട സ്ഥിതി ചെയ്യുന്ന വണ്ടന്മേട് പഞ്ചായത്തിലെ പുറ്റടിയിലും ഹോട്ട് സ്പോട്ടുകള്‍ വരാന്‍ സാധ്യതയുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു.
ചെരുപ്പ് കടകള്‍ അടപ്പിച്ചു
ജില്ലയില്‍ അനുവാദമില്ലാതെ തുടര്‍ന്ന് ചെരുപ്പ് കടകള്‍ പോലീസ് അടപ്പിച്ചു. ചെരുപ്പ് കടകള്‍ക്ക് തുറക്കാന്‍ നിലവില്‍ അനുവദിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ഒരു നിലമാത്രമുള്ള തുണികടകള്ക്കാണ് തുറക്കാന്‍ അനുവദിയുള്ളത്. ഇത് മറികടന്ന് മന്ത്രി മണിയുടെ സഹായത്തോടെ തൊടുപുഴ നഗരത്തില്‍ തുറന്ന വസ്ത്ര വ്യാപാര ശാലകളും പോലീസ് അടപ്പിച്ചിരുന്നു. ഒരു നിലമാത്രം തുറക്കുന്നുവെന്ന രീതിയിലാണ് കടകള്‍ തുറക്കാന്‍ അനുമതി വാങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: