കാസര്‍കോട്: വിദ്യാനഗറിലെ എക്സൈസ് റേഞ്ച് ഓഫീസില്‍ നിന്ന് കാണാതായത് 600 ടെട്രാ പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശമദ്യവും 50 കുപ്പി കേരള നിര്‍മ്മിത വിദേശമദ്യവുമാണെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം അടങ്ങിയ കെയ്സുകള് കാണാതായതുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ഓഫീസില്‍ നടന്ന ക്രമക്കേട് പുറത്തുവന്നത്.
കെയ്സുകള് നഷ്ടപ്പെട്ടിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നടന്ന പരിശോധനയില്‍ ഓഫീസില്‍ നിന്ന് മദ്യം പുറത്തേക്ക് പോയെന്ന ആരോപണം ശരിവെക്കുന്ന വിധം ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഡി.വൈ.എസ്.പി കെ.ദാമോദരന്റെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ നീണ്ട പരിശോധന നടന്നത്.
ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ മദ്യത്തിന് ആവശ്യക്കാരേറെയുള്ളതിനാല്‍ ഇവിടെ നിന്ന് മദ്യം മറിച്ചു കടത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപയുടെ മദ്യമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്ക്. അര ലിറ്റര്‍, ഒരു ലിറ്റര്‍ ഉള്‍പ്പെടുന്ന 50 കുപ്പി കേരള നിര്‍മ്മിത മദ്യവും, 180 മില്ലി ലിറ്റര്‍ വീതമുള്ള കര്‍ണ്ണാടക മദ്യ പാക്കറ്റുകളുമാണ് നഷ്ടപ്പെട്ടത്. എണ്ണം കണക്കാക്കുന്നതിന്റെ ഭാഗമായി ഫോട്ടോയെടുക്കുവാനായി ഈ കെയ്സുകള് ഓഫീസിന്റെ പുറത്തേക്ക് കൊണ്ടുവന്നതായിരുന്നു. പിന്നീടാണ് ഇവ അപ്രത്യക്ഷമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ എക്സൈസ് ഓഫീസറുടെ പരാതിയില്‍ സി.ഐ ഇതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ മേലുദ്യോഗസ്ഥന് പരാതി നല്കിയ സി.ഐ പോലും ഇത്തരം സംഭവമുണ്ടായിട്ടില്ലെന്നാണ് അറിയിച്ചിരുന്നത്. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനും സംഭവം നിഷേധിച്ചിരുന്നു. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ശരിയായെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഈ വാദഗതികള്‍ നിലനില്‍ക്കുന്നതിനിടയില്‍ അസി.എക്സൈസ് കമ്മീഷണര്‍ വിനോദ് ബി. നായര്‍ക്ക് ഈ സംഭവത്തിന്റെ അന്വേഷണച്ചുമതല നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് റെയ്ഡ് നടന്നത്.
ഡി.വൈ.എസ്.പിക്ക് പുറമെ എസ്.ഐമാരായ മധുസൂദനന്, ശശിധരന്‍പിള്ള, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ വി.ടി. സുഭാഷ്, കെ.വി. സുരേഷ്, പി.കൃഷ്ണന് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. സീനിയര്‍ ഓഡിറ്റര്‍ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ഡി.വൈ. എസ്.പി കെ. ദാമോദരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: