കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോറോണ കണ്ട്രോള് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി. പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗമുള്ളവര്‍, പ്രായമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം, സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും. കൂടാതെ ഇവര്‍ക്കെതിരെ എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തലപ്പാടി വഴി അതിര്‍ത്തി കടന്ന് വരുന്നവര്‍ ദേശീയ പാതയിലൂടെ മാത്രമേ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാന്‍ പാടുള്ളൂ. സഞ്ചാരത്തിന് ഊടു വഴികളോ, കെഎസ്ടിപി റോഡോ തെരഞ്ഞെടുക്കരുത്.
ക്വാറന്റൈയിന് ചെയ്യുമ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ അനുമതി ആവശ്യമാണ്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും മാത്രമായി ക്വാറന്റൈയിന് ചെയ്യരുത്. തീവണ്ടി മാര്ഗ്ഗമെത്തുന്നവരെ പരിശോധിക്കുന്നതിന് കാലിക്കടവ്, തലപ്പാടി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ഇവര്‍ക്കും പാസ് ഉണ്ടെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളൂ. വരും ദിവസങ്ങളില്‍ തലപ്പാടിയിലെ ഹെല്‍പ്പ് ഡെസ്കുകളുടെ എണ്ണം പത്തായി ചുരുക്കും. ഇതിനാവശ്യമായ നടപടികള്‍ കെകൊള്ളാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തി.
വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശം നല്കി. സ്ഥാപനങ്ങളില്‍ ഹാന്റ് സാനിറ്ററൈസര്‍ ഉറപ്പു വരുത്തുകയും ജീവനക്കാര്‍ മാസ്ക് ധരിക്കുകയും വേണം. പൊതുയിടങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളും. വിദേശത്ത് നിന്ന് വരുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധമായും ജില്ലാഭരണകൂടത്തിന്റെ സ്ഥാപന ക്വാറന്റൈയിനില്‍ കഴിയണം. തുടര്‍ന്ന് ഇവരുടെ സ്രവ പരിശോധന നടത്തും. ഫലം പോസറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ വീട്ടിലെ റൂം ക്വാറന്റൈയിനിലേക്കും മാറാം.
റൂം ക്വാറന്റൈയില്‍ കഴിയുന്നവരുടെ വീടുകളില്‍ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇവരെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ക്വറന്റൈയിനിലേക്ക് മാറ്റും
കോവിഡ് കെയര്‍ സെന്ററുകളായി നിശ്ചയിച്ച ഹൈസ്കൂളുകളില്‍ പരീക്ഷ നടത്താന്‍ ബാക്കിയുള്ളതിനാല്‍ ഈ പട്ടികയില്‍പ്പെട്ട ലോഡ്ജുകളിലായിരിക്കും ക്വാറന്റൈയിനുള്ളവരെ പാര്‍പ്പിക്കുക. തുക നല്കി പാര്‍പ്പിക്കുന്ന ക്വാറന്റെയിന് കേന്ദ്രങ്ങളെ കുറിച്ച് ആലോചിക്കും. കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാവുള്ള ചുമതല റവന്യൂ വകുപ്പിനാണ്. ഇതിനായി കുടൂതല്‍ തുക ആവശ്യമായി വന്നാല്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് വകയിരുത്താം. കോവിഡ് കെയര്‍ സെന്ററുകളുടെ സുരക്ഷാ ചുമതല പോലീസ് നിര്‍വഹിക്കും. അലഞ്ഞ് തിരിയുന്നവരെ പാര്‍പ്പിക്കാന്‍ കാസര്‍കോട് ബി.ഇ.എം യു പി സ്കൂള്‍ ഏറ്റെടുക്കും. ഇതിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കാസര്‍കോട് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് പ്രവര്‍ത്തിക്കണം. ഉപ്പള, ചെര്‍ക്കള, കാസര്‍കോട്, കുമ്പള, കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വിലകയറ്റം പരിശോധിക്കുന്ന നടപടികളിലും ഇവര്‍ ഇടപെടും. മെയ് 15 ന് കാഞ്ഞങ്ങാട് നിന്ന് 1480 അതിഥി തൊഴിലാളിയുമായി ഉത്തര്‍പ്രദേശിലേക്ക് തീവണ്ടി പുറപ്പെടും. കോവിഡ് കാലത്ത് സ്തുതാര്‍ഹമായ സേവനം നടത്തിയ ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തിന് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി.
ഇന്ന് മുതല്‍ കളക്ടറേറ്റിലേക്കും ജില്ലാ കോടതിയിലേക്കും ജീവനക്കാരെ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.
ജില്ലാ പോലീസ് മേധാവി പി.എസ് സാബു,സബകളക്ടര്‍ അരുണ്‍ കെ വിജയന്, എഡിഎം എന്‍.ദേവിദാസ്, ആര്‍ഡിഒ അഹന്മദ് കബീര്‍, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ എ.ടി മനോജ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന് സ്വാതി വാമന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ രെജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: