കോഴിക്കോട്: നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കോവിഡ് 19 നോഡല്‍ ഓഫീസര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ ആള് ക്കെതിരെ അന്വേഷണം. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.
ഇക്കാര്യം അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ എസ്. സാംബശിവ റാവു പോലീസിന് നിര്‍ദ്ദേശം നല്കി.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തുകയും ചാലിയം എഫ്എച്ച്സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ നല്കിയ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു.
ഈ വ്യക്തി നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് 19 വളണ്ടിയറായി രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്നും വിമുക്തി പ്രവര്‍ത്തികളുടെ വളണ്ടിയറായി താല്‍ക്കാലികമായി നിയമിച്ചിരുന്നതായി എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഇയാള്‍ എഡിഎമ്മിന്റെ പിഎയാണെന്ന് പ്രചരിപ്പിച്ചിരുന്നതായും എഡിഎമ്മിന്റെ കസേരയില്‍ ഇരുന്ന് ഫോട്ടോ എടുത്തതായും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആക്ഷേപം ജില്ല ഭരണകൂടം തള്ളി. അത്തരം പ്രചാരണങ്ങള്‍ ശരിയല്ലെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റോഷ്നി നാരായണന് അറിയിച്ചു. എന്നാല്‍ ആള്‍മാറാട്ടം നടത്തിയയാളുടെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: