കൂടുമ്പോള്‍ ‘ഇമ്പ’മുണ്ടാവുന്നതത്രെ കുടുംബം. കാലം മാറി. കുടുംബവും മാറി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ കുടുംബത്തിന്റെ അര്‍ത്ഥവും ചോര്‍ന്നുപോയി. കുടുംബം നമുക്കിന്നൊരു സങ്കല്‍പം മാത്രമാണ്. ഈ സത്യം അംഗീകരിക്കാന്‍ നമ്മുടെ മനസ്സ് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരുകാലത്ത് രക്തബന്ധം ഊട്ടിവളര്‍ത്തിയ കുടുംബാന്തരീക്ഷത്തിലെ സുരക്ഷിതത്വവും സന്തോഷവും കൈമോശം വന്നിരിക്കുന്നു. എല്ലാം ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ മാത്രം.
മാസങ്ങള്‍ക്കു മുന്‍പ്, അടുത്ത ഒരു ബന്ധുവിനെ കാണാന്‍ പോയത് ഓര്‍ക്കുന്നു. ഫഌറ്റ് കണ്ടുപിടിച്ചു. വാതില്‍ പുറമെനിന്ന് പൂട്ടിയിരിക്കുന്നു. കോഴിക്കോട്ടെ പ്രശസ്തമായ ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്നു പ്രിന്‍സിപ്പലായി വിരമിച്ച അവര്‍ ഇപ്പോള്‍ മകനോടൊപ്പമാണ് താമസം. കുറച്ചുകാലമായി കിടപ്പിലാണ്. പരസഹായം കൂടാതെ എഴുന്നേറ്റു നടക്കാനാവാത്ത അവസ്ഥ. ഇപ്പോള്‍ കാണാനായില്ലെങ്കില്‍ പിന്നെ ജീവനോടെ കാണാനായെന്നു വരില്ല. മടങ്ങിപ്പോരാന്‍ ആലോചിച്ചപ്പോഴാണ് ബാങ്കില്‍ ജോലി ചെയ്യുന്ന മകനെ വിളിക്കാന്‍ തോന്നിയത്. നിരാശപ്പെടേണ്ടി വന്നില്ല. മുന്നില്‍ താമസിക്കുന്ന മധ്യവയസ്‌കന്‍ വന്ന് വാതില്‍ തുറന്നു തന്നു. നല്ല സൗകര്യമുള്ള വീട്. അത്ര പെട്ടെന്ന് കണ്ണില്‍പ്പെടാത്തിടത്തായി സ്റ്റോര്‍ റൂമിനോട് ചേര്‍ന്ന് ഒരു മുറി തുറന്നു കിടക്കുന്നു.
രാവിലെ മകനും കുടുംബവും വാതില്‍ പുറമെ നിന്ന് പൂട്ടി താക്കോല്‍ മുന്നിലുള്ള വീട്ടിലേല്‍പ്പിച്ചുപോയാല്‍ സന്ധ്യ കഴിഞ്ഞേ വരൂ. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായിരുന്നു ഈ കൂടിക്കാഴ്ച. കണ്ടിട്ട് കാലമേറെയായി. കൈമാറാന്‍ വിശേഷങ്ങള്‍ ഏറെയുണ്ട്. അവര്‍ വാതോരാതെ സംസാരിച്ചു. അന്യംനിന്നുപോയ നാട്ടിന്‍പുറത്തെ തറവാട്ടിലെ ഒരിക്കലും തിരിച്ചുവരാത്ത കൂട്ടായ്മയെക്കുറിച്ച്… അകാലത്ത് മടങ്ങിപ്പോയ സമപ്രായക്കാരെക്കുറിച്ച്… അരങ്ങില്‍നിന്ന് പിന്‍വാങ്ങി നിശ്ശബ്ദ ജീവിതം നയിക്കുന്നതിനെക്കുറിച്ച് …. അവര്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.
യാത്ര പറയാന്‍ തുടങ്ങിയപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. ഒറ്റപ്പെടലിന്റെ വേദന മുഖത്ത് നിഴലിട്ടുനിന്നു. അസുഖം ഭേദമാവുമെന്ന പ്രതീക്ഷയൊന്നും അവര്‍ക്കില്ല. അടങ്ങാത്ത ഒരാഗ്രഹം അവശേഷിക്കുന്നു. ‘ദാഹം തീരുവോളം വെള്ളം കുടിക്കണം.’ അമ്പരന്നുപോയി. ഇങ്ങനെയൊരാഗ്രഹം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. വീട്ടുകാര്‍ക്കുമുണ്ട് പറയാനേറെ. അമ്മ വെള്ളം കുടിക്കുമ്പോഴെല്ലാം അറിയാതെ മൂത്രം ഒഴിഞ്ഞുപോവുന്നു. പ്രായമായ പലരിലും കാണുന്ന പതിവു രോഗം. വീട്ടില്‍ പലരും വരുന്നതാണ്. മുറിയിലേക്ക് കടക്കാനാവാത്ത ദുര്‍ഗന്ധം. പിന്നീടത് മുറിക്കു പുറത്തേക്കും കടന്നുകയറി. നഗരമായതിനാല്‍ ആരെയും കിട്ടാനുമില്ല. വീട്ടുകാര്‍ വെള്ളത്തിന് കര്‍ശനമായ റേഷനിങ് ഏര്‍പ്പെടുത്തി. അതോടെയാണ് അമ്മയുടെ കുടിവെള്ളം മുട്ടിയത്.
വേണ്ടത്ര ഭൂസ്വത്തുണ്ട്. സര്‍വീസില്‍ നിന്നു പിരിയുമ്പോള്‍ കിട്ടിയ ഭേദപ്പെട്ട തുക ബാങ്കിലുണ്ട്. പെന്‍ഷനുണ്ട്. മകളുണ്ട്… അപ്പോഴും ദാഹം മാറ്റുന്നതുവരെ വെള്ളം കുടിക്കണമെന്ന ആഗ്രഹം സാധിക്കുന്നില്ല. കൂട്ടുകുടുംബമാവുമ്പോള്‍ വീണാല്‍ താങ്ങാന്‍ ആളുണ്ടെന്നുറപ്പ്. പരിമിതികളേറെയുണ്ടാവാം. എന്നാലും അവിടെ നിര്‍വ്യാജമായ സ്‌നേഹത്തിന്റെ ശക്തമായ കൂട്ടിപ്പിടിത്തമുണ്ടായിരുന്നു. കുടുംബ താല്‍പ്പര്യം മാത്രം മുന്നില്‍ കണ്ട് എല്ലാവര്‍ക്കും സ്വീകാര്യമായ വിധി പ്രഖ്യാപിക്കുന്ന കോടതിയായിരുന്നു കുടുംബം. സ്‌നേഹധനനായ കാരണവര്‍ അവിടത്തെ ന്യായാധിപനും. ഇന്ന് മേല്‍വിലാസം നഷ്ടപ്പെട്ട അനാഥ വാര്‍ദ്ധക്യമാണ് അണുകുടുംബത്തിന്റെ മുഖമുദ്ര.
പഴയ തലമുറ കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്ത ചില മൂല്യങ്ങളുണ്ടായിരുന്നു. ഇതു മാമ്പഴക്കാലം. ചക്കയും മാങ്ങയും വിളവെടുക്കുമ്പോള്‍ അവര്‍ മുഴുവനും പറിച്ചെടുക്കാറില്ല. അണ്ണാനും കിളിയും പഷ്ണിയാവുമത്രെ. ഞാന്‍ മാത്രമല്ല എല്ലാവരും പുലരണമെന്ന വിശ്വത്തോളം വിശാലമായ ചിന്ത. കാലത്തിന്റെ മുന്നേറ്റത്തില്‍ നാം ഏറെ നേടി. ഏറെ മുന്നേറി. അപ്പോഴും അറിവിന്റെ നിറവില്‍ എവിടെയോ നഷ്ടമായ ‘തിരിച്ചറിവ്’ നമ്മളെ അസ്വസ്ഥമാക്കുന്നു. ഈ ലോക കുടുംബദിനത്തില്‍ നമുക്ക് അതിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: