തിരുവനന്തപുരം:മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ വരേണ്ട തീയതിയും സമയവും ചെക്ക് പോസ്റ്റും മുന്‍കൂട്ടി നല്‍കും. യാത്രക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിനും അവരുടെ യാത്രാപഥം മനസ്സിലാക്കുന്നതിനും ഇതു ഫലപ്രദമാണ്.
ഡല്‍ഹിയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് റെയില്‍വെ ട്രെയിന്‍ ഓടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഐആര്‍സിടിസി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.കേരളത്തിലേക്കുള്ള ട്രെയിന്‍ മറ്റു പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. ഇക്കാര്യം റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഡെല്‍ഹിക്കു പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്. മുംബൈ, കൊല്‍ക്കത്ത, അഹമ്മദബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ രജിസ്ട്രേഷന് നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ ആരാണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍, രോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. അതിനാല്‍ സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിങ് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ റെയില്‍വെ പ്ലാന്‍ ചെയ്ത ട്രെയിനുകള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്നും റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ആളുകള്‍ എത്തുന്നത് സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണ്. ഒരാള്‍ അങ്ങനെ കടന്നുവന്നാല്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും. കര്‍ക്കശമായി നിബന്ധനകള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അതിന് സഹായം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: