തിരുവനന്തപുരം: തൃശൂര്‍ ശാരദാമഠം പ്രസിഡന്റ് പ്രവ്രാജിക അജയപ്രാണമാതാ (93) സമാധിയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസമായി ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിക്കായിരുന്നു അന്ത്യം. തൈക്കാട് ശാരദാമിഷനിലായിരുന്നു അവസാന നാളുകളില്‍ കഴിഞ്ഞത്. കൊല്‍ക്കത്ത ശ്രീശാരദാ മഠം, രാമകൃഷ്ണ ശാരദാമിഷന്‍ എന്നിവയുടെ മുന്‍ ആഗോള ഉപാധ്യക്ഷയും ആയിരുന്നു അജയപ്രാണമാതാ.സമാധി ചടങ്ങുകള്‍ ഇന്ന് തൃശ്ശൂരിലെ പുറനാട്ട്കര ആശ്രമത്തില്‍ നടക്കും.
കുറൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും എറണാകുളം കണവള്ളി കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. അമ്മുക്കുട്ടി തമ്പുരാട്ടി എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 1952 ല്‍ മഠത്തിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ ചേര്‍ന്ന അജയപ്രാണ 21 വര്‍ഷം മഠം സ്‌കൂളില്‍ അധ്യാപികയായിരുന്നു. 1973ല്‍ മഠത്തിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് പ്രവര്‍ത്തനം കുറിച്ചു. കൊല്‍ക്കത്ത ശാരദാമഠത്തിന്റെ ആവശ്യപ്രകാരം സിഡ്നിയില്‍ 1982 ല്‍ മഠം സ്ഥാപിക്കാന്‍ പോയി. 30 വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ രാമകൃഷ്ണ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിലും പ്രധാന പങ്ക് വഹിച്ചു. മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ വേദാന്തപ്രചാരവും നടത്തിയിട്ടുണ്ട്.
2011 ല്‍ ഇന്ത്യയിലേക്ക് മടങ്ങി വന്ന അജയപ്രാണ മാതാ കേരളത്തിന്റെ പൊതുചുമതലയും തൃശൂര്‍ പുറനാട്ടുകര ശാരദാമഠത്തിന്റെ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ തിരുവനന്തപുരത്താണ് അവസാനകാലം ചെലവിട്ടത്. ശ്രീരാമകൃഷ്ണമഠം മുന്‍ അധ്യക്ഷന്‍ സ്വാമി രംഗനാഥാനന്ദയ്‌ക്ക് ശേഷം മഠം പരമ്പരയിലെ കേന്ദ്രസ്ഥാനത്തെത്തിയ രണ്ടാമത് മലയാളിയാണ് അജയപ്രാണ മാതാ. മികച്ച പ്രഭാഷകയും നിരവധി വേദാന്ത ആത്മീയഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ അജയപ്രാണ മാതായ്‌ക്ക് നിരവധി ശിഷ്യസമ്പത്തുണ്ട്. തൈക്കാട് ശാരദാമിഷനില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരം ഇന്നലെ വൈകിട്ട് തൃശൂരിലെ മഠം ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
















