തൃശൂര്‍: തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലെത്തിയവര്‍ ക്വാറന്റീന് ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. റെഡ് സോണില്‍ നിന്നെത്തിയ സംഘം പുറത്തിറങ്ങിയെന്നാണ് പരാതി. ഇതേ തുടര്‍ന്ന് തമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന നഗരത്തിലെ ഫ്ളാറ്റിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ 10ന് കുത്തിയിരിപ്പ് സമരം നടത്തി.
പ്രോജക്ട് വര്‍ക്കിന് വന്ന തമിഴ്നാട് സ്വദേശികളായ 3 പേര് സെന്റ് തോമസ് കോളേജ് റോഡിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. പിന്നീട് 4 പേര് കൂടി തൃശൂരിലെത്തി. 7 പേരും കൂടി 3 മുറികളിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഹോട്ട് സ്പോട്ടില്‍ നിന്നെത്തിയ ഇവര്‍ ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങി നടന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
വിവരമറിഞ്ഞ് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്, കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ഫ്ളാറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി ക്വാറന്റീനിലുള്ള തമിഴ്നാട് സ്വദേശികളെ എറണാകുളം മുളന്തുരുത്തിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: