Categories: Cricket

ഇന്ത്യയുടെ മികച്ച ക്യാപ്റ്റനും ബാറ്റ്സ്മാനും ആരൊക്കെയെന്ന് പറഞ്ഞ് ധവാന്‍; തന്നെ കുഴക്കിയ ബോളര്‍ ആരാണെന്നും വെളിപ്പെടുത്തി

നിലവിലെ ദേശീയ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്നു ചൂണ്ടിക്കാണിക്കുക ദുഷ്‌കരമാണ്.

Published by

ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെയും മികച്ച ബാറ്റ്സ്മാനെയും തിരഞ്ഞെടുത്ത് ഇന്ത്യയുടെ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് മികച്ച ക്യാപ്റ്റനേയും ടീമിലെ മികച്ച ബാറ്റ്സ്മാനേയും കുറിച്ച് ധവാന്‍ തുറന്നു പറഞ്ഞത്.  

അന്താരാഷ്‌ട്ര കരിയറില്‍ എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിര്‍ക്കു കീഴിലെല്ലാം ധവാന്‍ കളിച്ചു കഴിഞ്ഞു. എന്നാല്‍ മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണെന്നാണ് ധവാന്റെ വിലയിരുത്തല്‍. കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യയിപ്പോള്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച ടീമായി മാറിയെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ വലിയ വിജയങ്ങള്‍ കൊയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ദേശീയ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്നു ചൂണ്ടിക്കാണിക്കുക ദുഷ്‌കരമാണ്. കാരണം നായകന്‍ കോഹ്‌ലിയും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഈ രണ്ടു പേരില്‍ കോഹ്‌ലിയെയാണ് താന്‍ നമ്പര്‍ വണ്ണായി തിരഞ്ഞെടുക്കുകയെന്നു ധവാന്‍ പറയുന്നു. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.  

നിശ്ചിത ഓവര്‍ ക്രിക്കറ്റ് മാത്രം പരിഗണിക്കുകയാണെങ്കില്‍ കോഹ്‌ലിയേക്കാള്‍ ഒരല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകളും കൂടി പരിഗണിക്കുമ്പോള്‍ കോഹ്‌ലിക്കാണ് മുന്‍തൂക്കമെന്നത് ആരും സമ്മതിക്കും.  ടി20 ലോകകപ്പ്, ഏകദിന ലോകപ്പ്, ചാംപ്യന്‍സ് ട്രോഫി നേട്ടങ്ങള്‍ ഇതില്‍പ്പെടുന്നു. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളും ജയിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.  

അന്താരാഷ്‌ട്ര കരിയറില്‍ ഇതിനകം മികച്ച ബൗളര്‍മാര്‍ക്കെതിരേയെല്ലാം ബാറ്റ് വീശിയെങ്കിലും തന്നെ ഏറ്റവുമധികം കുഴക്കിയ ബൗളര്‍ ഓസ്ട്രേലിയയുടെ ഇടംകൈയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണെന്നു ധവാന്‍ വെളിപ്പെടുത്തി. ഏകദിനത്തില്‍ ഇതിനകം മൂന്നു തവണയും ടി20യില്‍ ഒരു തവണയും ധവാനെ സ്റ്റാര്‍ക്ക് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക