കൊല്ലം: ‘ആ വീട് ഇനി എനിക്ക് വേദനയാണ്, പത്തു വര്‍ഷമായി പ്രവാസജീവിതം, അമ്മയെ ഒരുനോക്ക് കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായാണ് വന്നത്. ഇപ്പോള്‍ അച്ഛനും പോയി. ഇരുവര്‍ക്കും അന്ത്യചുംബനം കൊടുക്കാന്‍പോലും എനിക്കായില്ല, കൊറോണ എല്ലാം കൊണ്ടുപോകുകയാണ്…’
അമ്മയ്‌ക്ക് പിന്നാലെ അച്ഛനും മരിച്ചതിന്റെ വേദനയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഏക മകന്റെ ഇടറിയ വാക്കുകള്‍…. പ്രവാസലോകത്തുനിന്നും മടങ്ങിയെത്തിയിട്ടും രക്ഷിതാക്കളെ ഒരുനോക്കുകാണാന്‍ സാധിക്കാത്തതിന്റെ ദുഖം പറഞ്ഞറിയിക്കാനാകുന്നില്ല രാമന്‍കുളങ്ങര കോലയ്‌ക്കല്‍ വീട്ടില്‍ അരുണ്‍ബാബുവിന്. 11ന് ദുബായ്‌യില്‍ നിന്ന് നാട്ടിലെത്തിയശേഷം സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കൊല്ലം നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ കഴിയുകയാണ് അരുണ്‍. കഴിഞ്ഞ രണ്ടാം തീയതിയാണ് അമ്മ മേരി മരിച്ചത്. വീഴ്ചയില്‍ ഇടുപ്പെല്ലിനു പൊട്ടലുണ്ടായി ആശുപത്രിയില്‍ ചികിത്സയിലായ മേരി ശസ്ത്രക്രിയയ്‌ക്കു ശേഷം ഒരുമാസത്തിലധികമായി വിശ്രമത്തിലായിരുന്നു.
പത്താം തീയതി ദുബായ്‌യില്‍ നിന്ന് അരുണ്‍ബാബു നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വാര്‍ധക്യസഹജമായ അസുഖം കാരണം അച്ഛന്‍ കെ.സി. ബാബു (73) മരിച്ചത്. തിങ്കളാഴ്ച നെടുമ്പാശ്ശേരിയിലെത്തിയ അരുണ്‍ രാത്രിയോടെ നാട്ടിലെത്തിയെങ്കിലും ക്വാറന്റൈനിലായി.
അരുണിന്റെ അച്ഛന്‍ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. അമ്മയുടെ സംസ്‌കാരം നേരത്തെ കഴിഞ്ഞു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ബാബുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്‌ക്കുശേഷം തേവള്ളിയിലെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: