കൊച്ചി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ആദ്യ ഘട്ടത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നികുതി ഇളവുകള്‍ ശ്രദ്ധേയം. ചെലവിടാന്‍ നികുതി ദായകര്‍ക്ക് പണം ലഭിക്കാനുള്ള സംവിധാനവും കേന്ദ്രം ഒരുക്കി. നികുതി 25 ശതമാനമാണ് കുറച്ചത്. ഇതുവഴി ശമ്പളമല്ലാത്ത വരുമാനമുള്ള നികുതി ദായകര്‍ക്കും കൈയില്‍ കൂടുതല്‍ പണം വരും.
കരാര്‍, പ്രൊഫഷണല്‍ ഫീസ്, പലിശ, വാടക, ലാഭവിഹിതം, കമ്മീഷന്, ബ്രോക്കറേജ് തുടങ്ങിയ തരം വരുമാനത്തിനുള്ള നികുതിയാണ് കുറച്ചത്. ഇത് ഇന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് ബാധകം. ഇതുവഴി 50,000 കോടി രൂപ വിപണിയില്‍ എത്തും.
റീഫണ്ട് ഉടന്‍
ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, കോര്‍പ്പറേറ്റ് അല്ലാത്ത ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് മടക്കി നല്‍കാനുള്ള നികുതിത്തുക ഉടന്‍ നല്‍കും.
ഇപിഎഫ് വിഹിതം കുറച്ചത് വിപണിയില്‍ 6750 കോടിയെത്തിക്കും
കൈയില്‍ പണലഭ്യത കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതം മൂന്നു മാസത്തേക്ക് 12ല്‍ നിന്ന് പത്തുശതമാനമാക്കി കേന്ദ്ര പാക്കേജില്‍ കുറച്ചത്. 12 ശതമാനം തൊഴിലുടമയും 12 ജീവനക്കാരനുമാണ് നല്‍കണ്ടേത്. ഇത് പത്തു ശതമാനമാക്കുക വഴി തൊഴിലുടമയ്ക്ക് മൂന്നു മാസം ചെലവിടാന്‍ കൂടുതല്‍ പണം ലഭിക്കും.
ജീവനക്കാരനും വീട്ടുകാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ അല്പം കൂടുതല്‍ തുക കൈയില്‍ ലഭിക്കും. ഇതുവഴി മൂന്നു മാസം 6750 കോടി രൂപ ജനങ്ങളുടെ കൈയില്‍ കൂടുതലായി ചെലവിടാന്‍ ലഭിക്കും. ഈ ഇളവ് 6.5 ലക്ഷം സ്ഥാപനങ്ങള്‍ക്കും 4.3 കോടി ജീവനക്കാര്‍ക്കും ആശ്വാസമേകും. അതേസമയം കേന്ദ്ര, സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇപിഎഫ് വിഹിതം മുഴുവന്‍ നല്‍കുക തന്നെ വേണം.
2500 കോടി കൂടി വിപണിയിലേക്ക്
15,000 രൂപയില്‍ താഴെ ശമ്പളമുള്ള, നൂറു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളുടെ പിഎഫ് വിഹിതം( തൊഴിലുടമയും തൊഴിലാളിയും അടക്കുന്ന വിഹിതങ്ങള്‍ ) കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കേന്ദ്രം അടച്ചിരുന്നു.
ഇന്നലത്തെ പ്രഖ്യാപനം അനുസരിച്ച് ഈ സ്ഥാപനങ്ങളിലെ ഇപിഎഫ് വിഹിതങ്ങള്‍ മൂന്നു മാസം കൂടി കേന്ദ്രം വഹിക്കും. 72.22 ലക്ഷം ജീവനക്കാര്‍ക്കും 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും ഇത് ആശ്വാസമാകും. ഇതുവഴി സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കൈയില്‍ കൂടുതല്‍ പണം ചെലവിടാന്‍ ലഭിക്കും. ഇങ്ങനെ 2500 കോടി രൂപ വിപണിയില്‍ എത്തുമെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: