ന്യൂദല്‍ഹി : ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ പ്രശ്‌നങ്ങളൊന്നുമില്ല. സൈന്യത്തിന് കൈകാര്യം ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. കിഴക്കന്‍ ലഡാക്കിലും സിക്കിമിലും കഴിഞ്ഞ ദിവസം ചൈനീസ് സൈന്യവുമായുണ്ടായ പ്രശ്‌നങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരു സംഭവങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല. നേരത്തേ നടത്തിയ പദ്ധതി പ്രകാരം അരങ്ങേറിയവയല്ല ഇതെന്നും കരസേനാമേധാവി. ഇവയെല്ലാം സൈന്യത്തിന് തീര്‍ക്കാവുന്ന സംഭവങ്ങളാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ല. വടക്ക് കിഴക്കന്‍ മേഖലകളില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുള്ളതാണ്. പുതുതായി ഉരുണ്ടു കൂടിയതല്ല. ചൈനയുടെ തന്ത്രങ്ങള്‍ തുറന്നുകാട്ടപ്പെട്ടു എന്നു കരുതിയാല്‍ മതി.
വര്‍ഷത്തില്‍ പത്ത് തവണയെങ്കിലും അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്നും നരവനെ അറിയിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അവിടെയുള്ള സൈന്യത്തിന് പ്രത്യേക ചട്ടങ്ങളും നിലനില്‍ക്കുന്നുണ്ട്. ലഡാക് നാകുല, സിക്കിം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അവിടെയുള്ള കമാന്‍ഡര്‍ ലെവലിലുള്ളവര്‍ ചേര്‍ന്ന് പരിഹരിച്ചിട്ടുണ്ട്.
അതിര്‍ത്തി മേഖലകളില്‍ രണ്ടു തരം സമീപനങ്ങളുണ്ട്. നിയന്ത്രണ രേഖകളില്‍ സ്വീകരിക്കുന്ന നയമല്ല മറ്റിടങ്ങളില്‍ സ്വീകരിക്കുക. നിയന്ത്രണ രേഖ എവിടെവരെയാണോ നമ്മുടെ സൈനികര്‍ അവിടെ വരെ നിരീക്ഷണം നടത്തും. എന്നാല്‍ ചൈനയുടെ പട്ടാളത്തിന് ഇന്നും നിയന്ത്രണ രേഖ പലതാണ്. ഒരേ മേഖലയില്‍ നിരീക്ഷണ സേനകള്‍ തമ്മില്‍ തമ്മില്‍ എത്തുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. അത് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നരവനെ വ്യക്തമാക്കി.
അതേസമയം പ്രദേശത്തെ വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ദീര്‍ഘകാല പദ്ധതിയാണ് അവിടെ ഇപ്പോള്‍ നടന്നുവരുന്നത്. റോഡുകളും പാലങ്ങളും നിര്‍മിച്ച് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: