കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലും ജ്വല്ലറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതി ഷേധവുമായി സ്വര്‍ണം, വെള്ളി വ്യാപാരികള്‍. സംസ്ഥാനത്ത് റെഡ് സോണ്‍ മേഖലകളില്‍ ഒഴികെ എല്ലായിടങ്ങളിലും ചെറുകിട ജ്വല്ലറികള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉത്തരവില്ലെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിക്കുകയാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഓറഞ്ച് സോണില്‍പ്പെട്ട മലപ്പുറം, എറണാകുളം, ആലപ്പുഴ ,വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ചെറുകിട സ്വര്‍ണം, വെള്ളി വ്യാപാരികള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടും കോഴിക്കോടിന് അനുമതി ലഭിക്കാത്തത് വിവേചനമാണെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടു. അനുമതി തേടി ജില്ലകലക്ടറെ നിരന്തരം സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലേ അനുമതി നല്‍കാനാവൂ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
മിഠായിതെരുവില്‍ മറ്റു കടകളോടൊപ്പം ഒരു ജ്വല്ലറിക്ക് മാത്രം പോലീസ് പ്രവര്‍ത്തനാനുമതി നല്‍കിയതായും പരാതിയുണ്ട്. ജില്ലയില്‍ 1000 സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 700സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തവയും 250 ഓളം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തവയുമാണ്. പത്തു ശതമാനം പേര് ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. സ്വയം തൊഴില്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ‘ഭൂരിഭാഗവും. ഇവയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ഉള്‍പ്പെടെ നിലവില്‍ പ്രതിസന്ധിയിലാണ്. ഈ അവസരത്തില്‍ വിവേചനം അവസാനിപ്പിച്ച് ജ്വല്ലറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളന ത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ഭൂപേഷ്, അര്ജ്ജുന് ഗെയ്ക്കാവാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: