ചിലര്‍ ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജല്ല, മാറുന്ന ഇന്ത്യയ്ക്കുള്ള പുതിയ സാമ്പത്തിക നയം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മെയ് 12 ന് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യാനന്തരം നെഹ്റു ഭരണം തുടര്‍ന്ന സാമ്പത്തിക നയത്തില്‍ നിന്ന് രാജ്യം വഴി തിരിഞ്ഞത് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ധനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രഖ്യാപിച്ച നയത്തിലൂടെയായിരുന്നു. ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും സാമ്പത്തിക നയം. അന്ന് അതിനെ എതിര്‍ത്ത, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി, ഇന്നത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പുത്തന്‍ സാമ്പത്തിക നയമാണ് ഇപ്പോള്‍ കൊറോണാനന്തര പാക്കേജായി വന്നിരിക്കുന്നത്.
ഉദാരീകരണത്തിന് ബദലായി അവതരിപ്പിച്ച ‘സ്വദേശി’ മുദ്രാവാക്യം പ്രചരിപ്പിച്ചവരില്‍ മോദി മുമ്പിലുണ്ടായിരുന്നു. എക്കാലത്തും എല്ലാക്കാര്യത്തിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയമാണ് സ്വദേശി. ലോക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലകും മാധ്യമങ്ങളോട് സഹ സര്‍കാര്യവാഹും പറഞ്ഞത് ഈ നയമാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ ‘ആത്മനിര്‍ഭര’മായ നയപ്രഖ്യാപനം.
പല മേഖലകളിലും സംഘപരിവാറിന്റെ പിന്തുണ സര്‍ക്കാരിനുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സാമ്പത്തിക നയത്തിന്റെ പേരില്‍ ഭിന്നത പുലര്‍ത്തിയിരുന്നു. എന്നാല്‍, പുതിയ നയം മാറ്റത്തെ ബിഎംഎസ് സ്വാഗതം ചെയ്തു. അതായത് പരിവാറിന്റെ സമ്പൂര്‍ണ ഐക്യം ഭരണ സംവിധാനത്തിന് കിട്ടുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്ന അടിസ്ഥാന രഹിത ആരോപണം ഇനി വെറുതേ പോലും ആര്‍ക്കും പറയാനാവില്ല. കാരണം, കര്‍ഷകരെ, ചെറുകിട മേഖലയെ, തൊഴിലാളികളെ സഹായിക്കുന്നതാണ് പാക്കേജും നയവും. വന്‍കിട കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നിഷക്രിയ ആസ്തി (എന്‍പിഎ) ഇനി കെട്ടുകഥയാകും.
ലോകത്തോട് മത്സരിക്കാന്‍ ഒരു സാമ്പത്തിക വേദി, ഒപ്പം ലോകരാജ്യങ്ങളില്‍ വേറിട്ടു നില്ക്കാന് ഒരു സ്വദേശി രീതി, അതാണ് പുതിയ നയത്തിന്റെ കാതല്‍. അത് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്ത കാലവും ദിവസവും ഏറെ പ്രത്യേകതയുള്ളതാണ്. കാലം; സ്വാവലംബിയായ ഭാരതത്തിലൂടെ ‘രാമരാജ്യം’ സ്വപ്നം കണ്ട മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവര്ഷം. ദിവസം; സ്വന്തം രാഷ്ട്രത്തിന്റെ ഇച്ഛാശക്തി പ്രകടിപ്പിച്ച്, ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ അതിജീവിച്ച്, സ്വാഭിമാനവും സ്വാശ്രയത്വവും പ്രകടിപ്പിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, രണ്ടാം പൊഖ്റാന്‍ ആവണ പരീക്ഷണങ്ങള്‍ നടത്തിയ ദിവസങ്ങളുടെ ഇടവേളയിലും. മെയ് 12 ലെ പ്രസംഗവും പ്രഖ്യാപനവും അങ്ങനെ ഇന്ത്യാ ചരിത്രത്തില്‍ പ്രമുഖ സ്ഥാനം നേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: