കട്ടപ്പന: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആധുനീകവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയമായ കട്ടപ്പന സരസ്വതി വിദ്യാപീഠം. ഇതിനായി സ്വന്തമായി ഒരു ഫെയ്സ്ബുക്ക് ടിവി ചാനല്‍ ആരംഭിച്ചിരിക്കുകയാണ് സ്കൂള്‍. ഇതുവഴി ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ സമഗ്ര വികാസത്തിന് വഴിയൊരുക്കുകയാണ് സ്കൂള്‍.
സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിവിധതരം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വിജ്ഞാനങ്ങള്‍, ഗെയിമുകള്‍ തുടങ്ങി പാചകവും, കൃഷിയും ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ കഴിവുകള്‍ ‘മിഴി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ സ്കൂള്‍ ടിവി ചാനലിലൂടെ കാണാനാകും. സ്കൂളിന്റെ ഫേസ്ബുക്ക് പേജില്‍ എല്ലാ ദിവസവും വൈകിട്ട് 7.30ന് ആണ് പരിപാടികള്‍. പരിപാടി ആരംഭിച്ച ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സ്കൂള്‍ ടിവിയ്ക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം അഭിനേതാവും, മാധ്യമപ്രവര്‍ത്തകനുമായ സൂര്യലാല്‍ കട്ടപ്പന നിര്‍വഹിച്ചു. വിദ്യാഭാരതി ദേശീയ കാര്യദര്‍ശി എന്‍.സി.ടി. രാജഗോപാല്‍ സ്കൂള്‍ ടിവിക്ക് ആശംസകള്‍ അര്‍പ്പിച്ചു. മിഴി എന്ന ഈ ചാനലിന്റെ ലോഗോ പ്രകാശനം ദേശീയ കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാവ് സജി ദാസ് മോഹന്‍ നിര്‍വഹിച്ചു.
അവതാരകരായും അഭിനേതാക്കളായും എല്ലാം എത്തുന്നത് സ്കൂളിലെ കുട്ടികള്‍ തന്നെ. ഒരു സ്കൂള്‍ ടിവി ചാനല്‍ എന്ന പുതിയ ആശയം സ്കൂള്‍ അധികൃതര്‍ മുന്നോട്ട് വെച്ചപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് രക്ഷിതാക്കളില്‍ നിന്നും ഉണ്ടായത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തിനുശേഷം ആഴ്ചയിലൊരിക്കല്‍ സംപ്രേഷണം തുടരാനാണ് സ്കൂളിന്റെ തീരുമാനം.
ഇതിനൊപ്പം സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി യോഗ പരിശീലനവും, പൊതു വിജ്ഞാന പരിശീലനവും അധ്യാപകരുടെ നേതൃത്വത്തില്‍ നിത്യേന നടന്നുവരുന്നുണ്ട്. https://www.facebook.com/Saraswathykattappana/ എന്ന പേജിലൂടെയാണ് പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യമായാണ് ഇത്തരമൊരു സ്കൂള്‍ ടിവി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: