കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാ ക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോയിത്തറ കനാലിന്റെ ശുചീകരണം പുരോഗമിക്കുന്നു. ഇതോടെ പനമ്പിള്ളി നഗര്‍, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും. 20 കൊല്ലമായി അടഞ്ഞ് കിടന്ന കോയിത്തറ കനാല്‍ പൂര്‍ണമായി ശുചീകരിച്ച് വെള്ളം തേവരക്കായലിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
കോയിത്തറ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയുള്ള കള്‍വര്‍ട്ട് പൂര്‍ണമായും അടഞ്ഞ അവസ്ഥയിലാണ്. അശാസ്ത്രീയ കുടിവെള്ള പൈപ്പുകള്‍, കേബിളുകള്‍ എന്നിവയ്ക്ക് പുറമേ പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ ഒഴുക്കിന് തടസമാകുന്നു. കളക്ടര്‍ എസ്. സുഹാസ് പ്രദേശം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
നഗരത്തിലെ പ്രധാനതോടുകള് കേന്ദ്രീകരിച്ചാണ് ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടം. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ ഒഴുക്കുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, കോയിത്തറ കനാല്‍, ചിലവന്നൂര്‍ കായല്‍, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കാന്‍ ആരംഭിച്ചു. ചങ്ങാടം പോക്ക്, കാരണക്കോടം തോടുകള്‍ ബന്ധിപ്പിച്ച് കലൂര്‍ സ്റ്റേഡിയം ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: