ന്യൂദല്‍ഹി : ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായി ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയുമായി എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സംപൂര്‍ണ്ണ അടച്ചിടല്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ സ്ഥലങ്ങളില്‍ അകപ്പെട്ട് പോയവരെ ഉദ്ദേശിച്ചാണ് ഇത്.
മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ഈ സര്‍വീസിന്റെ ഷെഡ്യൂള്‍ തയ്യാറായി. എന്നാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാലുടന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ദല്‍ഹിയില്‍ നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജെയ്പുര്, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസ്. മുംബൈയില്‍ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍ നിന്ന് 173, മുംബൈയില്‍ നിന്ന് 40, ഹൈദരാബാദില്‍നിന്ന് 25, കൊച്ചിയില്‍ നിന്ന് 12 സര്‍വ്വീസുകളുമാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: